ജനുവരി 1 മുതല്‍ തിരുവനന്തപുരം ഇനി ‘സൈലന്റ്’ വിമാനത്താവളം

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ജനുവരി 1 മുതല്‍ നിശബ്ദ (സൈലന്റ്) വിമാനത്താവളം. അനൗണ്‍സ്‌മെന്റുകള്‍ പരമാവധി കുറച്ച് യാത്രക്കാരുടെ വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം സ്‌ക്രീനുകളില്‍ ലഭ്യമാക്കും. ബോര്‍ഡിങ് ഗേറ്റ് മാറ്റം, ബാഗേജ് സ്‌ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ മാത്രമായിരിക്കും അനൗണ്‍സ് ചെയ്യുക.

മുംബൈ, ലഖ്‌നൌ, അഹമ്മദാബാദ് എന്നിങ്ങനെയുള്ള വിമാനത്താവളങ്ങള്‍ ഇതിനകം നിശബ്ദ വിമാനത്താവളങ്ങളാണ്. വലിയ ബഹളമില്ലാതെ സമാധാനപരമായ യാത്രാനുഭവം നല്‍കുകയാണ് സൈലന്റ് വിമാനത്താവളങ്ങളുടെ ലക്ഷ്യം. ഇതോടെ യാത്രക്കാര്‍ക്ക് അവരവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അതേസമയം യാത്രക്കാരിലേക്ക് സുപ്രധാന വിവരങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ടെര്‍മിനല്‍ -1, ടെര്‍മിനല്‍ -2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ സ്‌ക്രീനുകളിലും പ്രധാനപ്പെട്ട വിവരങ്ങള്‍ തെളിയും. സൈലന്റ് എയര്‍പോര്‍ട്ട് എന്ന മാറ്റത്തെ കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുന്നതിനുള്ള കാമ്പെയ്ന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Top