ആഗോള താപനിലയെ പിടിച്ചു നിര്‍ത്താന്‍ സാധിക്കും; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഐപിസിസി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വ്യവസായ കാലഘട്ടത്തിന് മുന്‍പുള്ള ആഗോള ശരാശരി താപനിലയായ 1.5 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് ലോക താപനിലയെ എത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ നിലയിലേയ്ക്ക് അന്തരീക്ഷ താപനില എത്തിക്കുന്നതിന് 2010 ലെ ഹരിതഗൃഹ വാതകത്തിന്റെ അളവ് 2030 ആകുമ്പോഴേയ്ക്കും പകുതി എത്തിക്കാന്‍ സാധിക്കണം. 2050 ആകുമ്പോഴേയ്ക്കും ഇത് പൂജ്യത്തിലെത്തിക്കണം. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേയ്ഞ്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

2015 പാരീസ് ഉടമ്പടിയുടെ നിര്‍ദ്ദേശമനുസരിച്ച് ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കണമെന്നാണ് ലോക രാജ്യങ്ങളുടെ തീരുമാനം. ഉടമ്പടി പ്രകാരം ഹരിതഗൃഹ വാതകത്തിന്റെ അളവ് 2010ലേതില്‍ നിന്ന് 20 ശതമാനം 2030ല്‍ എത്തിക്കാനാണ് തീരുമാനം. 2075ല്‍ ശിഷ്ച വാതകത്തിന്റെ അളവ് പൂജ്യത്തിലെത്തിക്കണമെന്നാണ് പാരീസ് ഉടമ്പടിയില്‍ പറയുന്നത്.

വനങ്ങള്‍, പ്രകൃതിയുടെ മറ്റ് ശുചീകരണ സംവിധാനങ്ങള്‍ എന്നി ഉപയോഗിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറച്ചതിന് ശേഷവും നിലനില്‍ക്കുന്ന ഹരിത വാതകത്തെയാണ് ശിഷ്ട വാതകം എന്നു പറയുന്നത്. ഐപിസിസി റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കാലാവസ്ഥാ വ്യതിയാനം നിയന്ത്രണാതീതമാകുകയും ആഗോള തലത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടി താപനിലയില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ ക്രമാതീതമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

താപനില വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചു നിര്‍ത്തണമെന്നാണ് ലോക രാജ്യങ്ങളുടെ നിലവിലെ ലക്ഷ്യം. ദ്വീപ് സമൂഹങ്ങളാ ഇക്കാര്യത്തില്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നത്. ഐപിസിസിയിലെ ശാസ്ത്രജ്ഞര്‍ വിവിധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അളവ് ഇല്ലാതാക്കുകയാണ് ഇതില്‍ ഏറ്റവും പ്രധാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

100 മുതല്‍ 1000 ബില്യണ്‍ ജിജാ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ഇത്തരത്തില്‍ ഇല്ലാതാക്കേണ്ടത്. 47 ബില്യണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് എല്ലാ വര്‍ഷവും അന്തരീക്ഷത്തിലേയ്ക്ക് തള്ളപ്പെടുന്നത്. വളരെ പെട്ടെന്നുള്ള, എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ഐപിസിസി ആവിഷ്‌ക്കരിക്കുന്നത്.

40 രാജ്യങ്ങളില്‍ നിന്നുള്ള 91 വിദഗ്ധര്‍ ഒരുമിച്ച് ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പോളണ്ടില്‍ നടക്കുന്ന കാറ്റോവൈസ് ക്ലൈമറ്റ് ചെയ്ഞ്ച് കോണ്‍ഫറന്‍സില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നയരൂപീകരണങ്ങള്‍ ഉണ്ടാവുക.

Top