ഒരു മികച്ച ക്രിക്കറ്ററില്‍ നിന്ന് ഭീകരവാദികളുടെ കളിപ്പാവയായുള്ള വീഴ്ച; ഇമ്രാനെതിരെ കൈഫ്

ന്യൂഡല്‍ഹി: ഇമ്രാന്‍ ഖാന്‍ മികച്ച ക്രിക്കറ്ററില്‍ നിന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ഭീകരവാദികളുടെയും കളിപ്പാവയായി അധഃപതിച്ചുവെന്ന് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഐക്യരാഷ്ട്രസഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൈഫിന്റെ ഈ രൂക്ഷ വിമര്‍ശനം.

നിങ്ങളുടെ രാജ്യം ഭീകരവാദത്തിനൊപ്പം ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, ഭീകരാവാദികളുടെ വിളനിലമായി വളരാന്‍. എന്തൊരു ദൗര്‍ഭാഗ്യകരമായ പ്രസംഗമായിരുന്നു ഐക്യരാഷ്ട്രസഭയിലേത്, ഒരു മികച്ച ക്രിക്കറ്ററില്‍ നിന്ന് പാക്കിസ്ഥാന്‍ ആര്‍മിയുടെയും ഭീകരവാദികളുടെയും കളിപ്പാവയായുള്ള വീഴ്ച” – കൈഫ് ട്വിറ്ററില്‍ കുറിച്ചു.

ഐക്യരാഷ്ട്ര സഭയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിനെതിരെ നേരത്തെയും ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ”അസംബന്ധം” എന്നാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലി പ്രതികരിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീകരവാദികള്‍ക്ക് റോള്‍ മോഡലാണെന്നായിരുന്നു ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ പ്രതികരണം.

കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്നാണ് ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭ നല്‍കിയ അവകാശങ്ങള്‍ കശ്മീരില്‍ നിഷേധിക്കുന്നെന്നും 80 ലക്ഷം പേരെയാണ് കശ്മീരില്‍ തടവിലാക്കിയിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കര്‍ഫ്യൂ പിന്‍വലിച്ചാല്‍ രക്തചൊരിച്ചില്‍ ഉണ്ടാകും. ഐക്യരാഷ്ട്രസഭ കശ്മീരില്‍ ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.ബാലാകോട്ടില്‍ ഭീകരരെ വധിച്ചെന്ന പ്രചാരണം കള്ളമാണെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ ആര്‍എസ്എസിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

Top