മണവാട്ടിയെകാണാനില്ല; തവളകള്‍ വംശനാശ ഭീഷണിയിലെന്ന് ശാസ്ത്ര കോണ്‍ഗ്രസ്

manavattithavala

തലശ്ശേരി: തവളകള്‍ വംശനാശഭീണിയിലെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. എസ്.ഡി.ബിജു. പക്ഷിയും മീനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്നത് തവളകളാണെന്നും അദ്ദേഹം പറഞ്ഞു. ബ്രണ്ണന്‍ കോളജില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്. തവളകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. ബിജു കൊല്ലം കടക്കല്‍ സ്വദേശിയാണ്.

മുന്‍പ് മണവാട്ടിത്തവള വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. ലോകത്ത് തവളകള്‍ 74 മുതല്‍ 78 ശതമാനം വരെ വംശനാശ ഭീഷണി നേരിടുമ്പോള്‍ ഇന്ത്യയില്‍ ഇത് 80 ശതമാനം വരെയാണ്. ലോകത്ത് 7,014 ഇനം തവളകളാണ് ഉള്ളത്. ഇതില്‍ 412 ഇനം ഇന്ത്യയിലാണ്. ആവാസവ്യവസ്ഥയിലെ മാറ്റമാണ് തവളകളുടെ വംശനാശത്തിന് കാരണമാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

തവളകളെ സംരക്ഷിക്കാനുള്ള ഏക വഴി തണ്ണീര്‍ത്തടസംരക്ഷണമാണ്. എന്നാല്‍ മനുഷ്യന്‍ തന്നെയാണ് ജീവജാലങ്ങളുടെ പ്രധാന ശത്രു. ഗവേഷണം എന്നത് പലപ്പോഴും ഇവയുടെ കണക്കെടുക്കല്‍ മത്രമാവുകയാണ്. എത്ര ജീവജാലങ്ങള്‍ ഉണ്ടെന്നതിന് കണക്കില്ല. ശാസ്ത്രീയമായി കണ്ടെത്തി വര്‍ഗീകരിച്ചാല്‍ മാത്രമേ ജീവജാലങ്ങളുടെ യഥാര്‍ഥ കണക്ക് കണ്ടെത്താന്‍ സാധിക്കൂ. ഇതിനുള്ള ഗവേഷണത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്.

തവളയെ പിടിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പഠനത്തിനും, ഭക്ഷണത്തിനും തവളയെ ഉപയോഗിക്കാറുണ്ട്. തവളയെ ഭക്ഷിക്കുന്നത് ഔഷധമാണെന്നതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല. എന്നാലും മനുഷ്യര്‍ തവളയെ പിടിക്കുന്നുണ്ട്. കാട്ടിലെ ഉറവകളില്‍ നിന്നുവരുന്ന വെള്ളം ശുദ്ധീകരിക്കുന്നത് തവളയാണ്. നേരത്തെ, ഗര്‍ഭമുണ്ടോ എന്നറിയാനും പോളണ്ടില്‍ പാല്‍ കേടുവരാതിരിക്കാനും തവളയെ ഉപയോഗപ്പെടുത്തിയിരുന്നു. മത്സ്യം, ഞണ്ട് എന്നിവയും വംശനാശ ഭീഷണിയിലാണ് ഡോ. ബിജു പറഞ്ഞു.

Top