ബാങ്ക് തട്ടിപ്പിനിരയായി ആത്മഹത്യ; മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

deadbody

തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ബാങ്ക് നിക്ഷേപ തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മൃതദേഹവുമായി നാട്ടുകാരുടെ റോഡ് ഉപരോധം.

തിരുവനന്തപുരം – കന്യാകുമാരി ദേശീയ പാതയാണ് മണിക്കൂറുകളോളം ഉപരോധിച്ചത്.

ഉദിയന്‍കുളങ്ങര താന്നിവിള അശ്വതിഭവനില്‍ പി.വേണുഗോപാലന്‍ നായര്‍ ജീവനൊടുക്കിയതിന് കാരണക്കാരായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ വന്‍ പ്രതിഷേധം അരങ്ങേറിയത്‌.

ശനിയാഴ്ച ഉച്ചയ്ക്കു വീടിനുള്ളിലെ കിടപ്പുമുറിയിലാണ് വേണുഗോപാലന്‍ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിട്ടുകിട്ടിയ വേണുഗോപാലന്‍ നായരുടെ മൃതദേഹം ദേശീയപാതയില്‍ കിടത്തിയാണ് നാട്ടുകാര്‍ സമരം നടത്തിയത്.

കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍ എന്നിവരും സ്ഥലത്തെത്തി. വന്‍ പൊലീസ് സന്നാഹവും ഇവിടെയുണ്ടായിരുന്നു.

വേണുഗോപാലന്‍ നായര്‍ക്ക് നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡില്‍ 5.2 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്നതായി തമിഴ്‌നാട് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ ഇളയ മകള്‍ വിദ്യയുടെ വിവാഹം 2018 ഫെബ്രുവരി ഏഴിനു നിശ്ചയിച്ചിരിക്കുകയായിരുന്നു.

ബാങ്ക് പൂട്ടിയതു മുതല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു വേണുഗോപാലന്‍ നായര്‍.

മുംബൈയിലായിരുന്ന വേണു ഗോപാലന്‍ നായര്‍ നാട്ടിലെത്തിയശേഷം ചെങ്കലിലെ സ്വകാര്യ സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായായിരുന്നു.

നിര്‍മ്മല്‍ കൃഷ്ണ തട്ടിപ്പ് കര്‍മ്മസമിതി സംഘടിപ്പിച്ച സമരങ്ങളിലും വേണു ഗോപാലന്‍ നായര്‍ സജീവമായിരുന്നു.

ബാങ്ക് പൂട്ടിപ്പോയ സ്ഥിതിക്ക് മകളുടെ വിവാഹം മുടങ്ങുമെന്ന ഭയമായിരിക്കാം ആത്മഹത്യയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം.

Top