പാക്കിസ്ഥാനുമായുള്ള ബന്ധം തേനിനേക്കാള്‍ മധുരവും ഉരുക്കിനേക്കാള്‍ കരുത്തുറ്റതും ; ചൈന

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനുമായുള്ള ബന്ധത്തെ പുകഴ്ത്തി ചൈന.

പരസ്പര സഹകരണത്തില്‍ നീങ്ങുന്ന ഞങ്ങളുടെ ബന്ധം തേനിനേക്കാള്‍ മധുരവും ഉരുക്കിനേക്കാള്‍ കരുത്തുറ്റതുമാണെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് പറഞ്ഞു.

വികസനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ക്കു ചൈനയുടെ പിന്തുണയുണ്ട്. പ്രയാസമേറിയ സമയങ്ങളിലെല്ലാം ഇരുരാജ്യങ്ങളും ഒരുമിച്ചു നിന്നിട്ടുണ്ട്. തലമുറ മാറുംതോറും ബന്ധം കൂടുതല്‍ വളരുകയാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പിബി അംഗം കൂടിയായ വാങ് യാങ് വ്യക്തമാക്കി.

പാക്ക് പ്രസിഡന്റ് മംമ്‌നൂണ്‍ പുസൈന്‍, പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി എന്നിവരെ സമീപം ഇരുത്തിയായിരുന്നു ചൈനീസ് ഉപപ്രധാനമന്ത്രിയുടെ പ്രസംഗം.

പാക്ക് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ദോക് ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘പ്രകോപിപ്പിക്കുക’ കൂടിയാണ് പ്രസംഗം കൊണ്ട് ചൈന ഉദ്ദേശിച്ചതെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിനാണ് വന്നതെങ്കിലും പാക്കിസ്ഥാനുമായി നിര്‍ണായകമായ പല കരാറുകളിലും ചൈനീസ് ഉപപ്രധാനമന്ത്രി ഒപ്പിടും. കോടിക്കണക്കിന് രൂപയുടെ വികസന, പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനില്‍ നടക്കുന്നത്. 50 ബില്യണ്‍ ഡോളറിന്റെ ‘ഒരു പാത ഒരു ദേശം’ (ഒബിഒആര്‍) പദ്ധതിയിലെ ചില നിര്‍മ്മാണങ്ങള്‍ വാങ് യാങ് ഉദ്ഘാടനം ചെയ്യും.

Top