സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റ്; തകരാറ് പരിഹരിച്ചെന്ന് ഫേസ്ബുക്ക്

ദില്ലി: സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് സുഹൃത് അഭ്യര്‍ത്ഥന. തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സുഹൃത് അഭ്യര്‍ത്ഥന പോകുന്നതായി സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു. സ്വകാര്യത സംബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു മിക്ക ആളുകളും ആശങ്ക പ്രകടിപ്പിച്ചത്.

ആന്‍ഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മറ്റൊരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന യൂസറില്‍ നിന്നും ആ പ്രൊഫൈലിലേക്ക് ഓട്ടോമാറ്റിക്കായി സുഹൃത് അഭ്യത്ഥന പോവുകയായിരുന്നു. സ്ക്രീനില്‍ ഒരിടത്ത് പോലും ക്ലിക്ക് പോലും ചെയ്യുന്നതിന് മുന്‍പ് തന്നെ റിക്വസ്റ്റ് പോകുന്നതായിരുന്നു സ്ഥിതി. യൂസറുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്യുന്നതായിരുന്ന ഫേസ്ബുക്കിന്റെ തകരാറെന്നായിരുന്നു രൂക്ഷമായി ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ ബഗ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ തകരാറ് പരിഹരിച്ചുവെന്നാണ് ഫേസ്ബുക്ക് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. തകരാറ് പരിഹരിച്ചുവെന്നും ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായും ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്.

അടുത്തിടെ ഫേസ്ബുക്കിലൂടെയുള്ള സ്കാമിംഗ് കൂടുന്നതായി പരാതികള്‍ ഉയരുമ്പോഴാണ് സ്വകാര്യതാ മാനദണ്ഡങ്ങളിലെ ഈ വീഴ്ചയെന്നതാണ് ശ്രദ്ധേയം. നിരവധി വേരിഫൈഡ് പ്രൊഫൈലുകള്‍ ഹാക്ക് ചെയ്യപ്പെടുകയും യുആര്‍എല്‍ അടക്കമുള്ളവ മാറ്റപ്പെട്ടതും റിപ്പോര്‍ട്ട് ചെയ്തത് അടുത്ത കാലത്താണ്. ലക്ഷക്കണക്കിന് പേര്‍ പിന്തുടരുന്ന പേജുകളെ അടക്കമാണ് ഹാക്ക് ചെയ്തത്. നിരവധി സെലിബ്രിട്ടികളാണ് ഇത്തരത്തില്‍ തങ്ങളുടെ ഔദ്യോഗിക പേജ് നഷ്ടമായ വിവം പങ്കുവച്ചത്.

Top