സുഹൃത്ത് കബളിപ്പിച്ചു; നിയമ നടപടിയെന്ന് സൈദലവി

കല്‍പറ്റ: തന്റെ സുഹൃത്ത് അഹമ്മദാണ് ഓണം ബമ്പര്‍ ടിക്കറ്റ് വാങ്ങി നല്‍കിയതെന്ന് സൈദലവി. അഹമ്മദാണ് ലോട്ടറി അടിച്ച വിവരം അറിയിച്ചത്.  സെപ്റ്റംബര്‍ 11നാണ് അഹമ്മദ് ടിക്കറ്റ് എടുത്തതെന്നും അതിന്റെ ചിത്രം വാട്‌സ് ആപ്പില്‍ അയച്ചിരുന്നെങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ആയതോടെ ടിക്കറ്റിന്റെ ചിത്രം നഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പതിനൊന്നാം തീയതി അഹമ്മദ് ടിക്കറ്റിന്റെ ചിത്രം അയച്ചു തന്നിരുന്നു. എന്നാൽ ഫോണിൽ നിന്ന് അത് ഡിലീറ്റായി. ടിക്കറ്റിന്റെ പണം ​ഗൂ​ഗിൾ പേ വഴി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്നലെ അഹമ്മദ് അയച്ച ടിക്കറ്റിന്റെ ചിത്രം മോർഫ് ചെയ്തതായിരുന്നു. തനിക്ക് ഓണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചെന്ന് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചെന്നും ഇതുവരെ അത് തിരുത്തിപ്പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സൈദലവി ആരോപിക്കുന്നു.

ഫോണില്‍ നിന്നും അഹമ്മദ് അന്ന് അയച്ച ചിത്രം ലഭിക്കുമോ എന്ന് പരിശോധിക്കുമെന്നും അത് ബമ്പര്‍ ലോട്ടറിയടിച്ച ടിക്കറ്റാണെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും സൈദലവി പറഞ്ഞു. അഹമ്മദ് അയച്ചു തന്ന ടിക്കറ്റിന്റെ ചിത്രവും പണം അയച്ച ​ഗൂ​ഗിൾ പേയും സൈദലവി മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. ‘ഞാൻ ചതിക്കപ്പെട്ടു അത്ര തന്നെ, ഇനി ഫോൺ റിക്കവർ‌ ചെയ്തു നോക്കണം. അന്ന് അയച്ച നമ്പറും ഇപ്പോൾ അയച്ച നമ്പറും ഒന്നാണോ എന്ന് നോക്കണം. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം’ സൈദലവി പറഞ്ഞു.

വയനാട് സ്വദേശിയായ അഹമ്മദ് കോഴിക്കോട് നിന്നും ടിക്കറ്റ് എടുത്തെന്നായിരുന്നു സൈദലവിയോട് പറഞ്ഞിരുന്നത്. ഇന്നലെ അഹമ്മദ് പ്രവാസിയായ സൈദലവിക്കും അദ്ദേഹത്തിന്റെ സുഹൃത്തിനും സൈദലവിയുടെ ടിക്കറ്റിനാണ് ലോട്ടറിയടിച്ചതെന്ന് അറിയിക്കുകയായിരുന്നു.

Top