ഇക്കാര്യം സൂക്ഷിച്ചില്ലങ്കില്‍ നിങ്ങളുടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മരണമുണ്ടാകാം

ചെന്നൈ; താംബരം സേലയൂരില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ക്ക് അപകട മരണം സംഭവിച്ചത് കഴിഞ്ഞ ദിവസമാണ്. സ്വകാര്യ തമിഴ് ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന (36), ഭാര്യ അര്‍ച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. വോള്‍ട്ടേജ് വ്യതിയാനത്തെ തുടര്‍ന്നു കംപ്രസര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.

അപകടത്തില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും തുണികളും മാത്രമാണു കത്തി നശിച്ചത്. റഫ്രിജറേറ്ററില്‍ നിന്നുള്ള വിഷ വാതകവും, പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുകയും ശ്വസിച്ചതാണ് മരണ കാരണം എന്നാണ് വിലയിരുത്തല്‍.

വീട്ടിലെ സ്വീകരണ മുറിയിലാണു പ്രസന്നയുടെയും, മാതാവിന്റെയും മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹം കിടപ്പുമുറിയിലും കണ്ടെത്തി. വാതില്‍ തുറക്കാനുള്ള ശ്രമം നടന്നിരിക്കാമെന്നു പൊലീസ് പറഞ്ഞു.


അപകടം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. 6 മാസത്തില്‍ ഒരിക്കല്‍ കംപ്രസര്‍ കോയിലുകള്‍ വൃത്തിയാക്കണം.
2. വോള്‍ട്ടേജ് വ്യതിയാനം ഒഴിവാക്കാന്‍ നിലവാരമുള്ള സ്റ്റെബിലൈസര്‍ സ്ഥാപിക്കണം.
3. പഴക്കം ചെന്ന പവര്‍ പ്ലഗ് പോയിന്റുകളില്‍ റഫ്രിജറേറ്റര്‍ കണക്ട് ചെയ്യരുത്.
4. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലും, ചൂട് കൂടുതലുള്ള അടുക്കളയിലും ഫ്രിജ് സ്ഥാപിക്കരുത്.
5. വീട്ടിലെ വയറിങ് കേടു വന്നിട്ടില്ലെന്ന് ഉറപ്പാക്കാം
6.റഫ്രിജറേറ്ററിലെ ഡീഫോസ്റ്റ് സംവിധാനം മാസത്തില്‍ ഒരിക്കല്‍ പ്രവര്‍ത്തിപ്പിക്കണം.
7. റഫ്രിജറേറ്ററിനു പിന്നില്‍ ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കണം.

Top