Fresh inquiry ordered into Rohith Vemula’s caste

ഹൈദരാബാദ് : ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ജാതി കണ്ടെത്തുന്നതിന് പുതിയ അന്വേഷണത്തിന് ഉത്തരവ്.

ഗുണ്ടൂര്‍ ജില്ലാ കളക്ടര്‍ കാന്തിലാല്‍ ഗാണ്ഡെ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രോഹിത് വെമുല ദളിതാണെന്ന് കണ്ടെത്തിയ മുന്‍ അന്വേഷണ റിപ്പോര്‍ട്ട് സംശയാസ്പദമാണെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.

സര്‍വ്വകലാശാലാ അധികൃതരില്‍ നിന്ന് നിരന്തരം ഏല്‍ക്കേണ്ടി വന്ന ജാതീയ പീഡനത്തെ തുടര്‍ന്നായിരുന്നു ഈ വര്‍ഷം ജനുവരി 17 ന് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. ദലിത് പീഡനം എന്ന നിലയില്‍ രാജ്യമൊട്ടാകെ വിവാദമായ സംഭവമായിരുന്നു രോഹിതിന്റെ ആത്മഹത്യ.

മരണത്തിന് ശേഷവും വെമുലയെ വേട്ടയാടുന്ന സമീപനമായിരുന്നു കേന്ദ്രസര്‍ക്കാരും സര്‍വ്വകലാശാലാ അധികൃതരും കൈക്കൊണ്ടത്. രോഹിത് വെമൂല ദലിതനല്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തു വന്നിരുന്നു.

ഇതിനെ തുടര്‍ന്ന് നിയോഗിച്ച അന്വേഷണ സംഘമാണ് രോഹത് ദലിതനാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ അവിശ്വാസം രേഖപ്പെടുത്തി പുതിയ അന്വേഷണത്തന് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.

രോഹിത് വെമുല ദലിതനല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണത്തില്‍ രോഹിത് ദളിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്നാണ് വിവരം ലഭിച്ചത്.

വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ഇയാളെ ദളിതനാണെന്ന് വിളിക്കുകയാണെന്നും സുഷമ പറഞ്ഞിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ രോഹിത് ദളിതനല്ലെന്നാണ് പറയുന്നത്.

രോഹിതിന്റെ മാതാവ് രാധിക മാലാ സമുദായക്കാരിയും പിതാവ് വധേര സമുദായക്കാരനുമാണ്. പിതാവിന്റെ ജാതി ചൂണ്ടിക്കാട്ടിയാണ് മറ്റു പിന്നാക്ക വിഭാഗക്കാരനാണ് രോഹിത് എന്ന റിപ്പോര്‍ട്ട് പൊലീസ് നല്‍കിയത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ രോഹിതിന്റെ പിതാവും മാതാവും വേര്‍പിരിഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ രോഹിത് മാതാവിനൊപ്പമായിരുന്നു താമസം.

Top