ഫെയ്സ്ബുക്ക് മെസ്സഞ്ചർ വഴി ഇനി 4 കെ റെസല്യൂഷന്‍ ഫോട്ടോകള്‍ അയയ്ക്കാം

ഫെയ്സ്ബുക്ക് പുതിയതായി നിരവധി സവിശേഷതകള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇനി മുതല്‍ മെസ്സഞ്ചറില്‍ 4 കെ റെസല്യൂഷന്‍ അല്ലെങ്കില്‍ ഓരോ ഇമേജിലും 4,096×4,096 പിക്‌സല്‍സ് വരുന്ന ഫോട്ടോ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചു.

ഇതുവരെ ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍ വഴി ഹൈറെസല്യൂഷന്‍ പിക്ചറുകള്‍ ഷെയര്‍ ചെയ്യാന്‍ ആളുകള്‍ക്കു കഴിഞ്ഞിരുന്നില്ല.

4കെ റെസല്യൂഷന്‍ ഫോട്ടോകള്‍ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതോടെ മെസ്സഞ്ചര്‍ ഉപഭോക്താക്കു കൂടുതല്‍ ആകര്‍ഷകമായി മാറും.

എല്ലാ മാസവും 17 ബില്യണിലേറെ ഫോട്ടോകള്‍ ആണ് മെസ്സഞ്ചര്‍ വഴി ആളുകള്‍ അയയ്ക്കുന്നത്. ഇതിന് പുറമെ മുന്‍പുള്ളതിലും വളരെ വേഗത്തില്‍ 4കെ റെസല്യൂഷന്‍ ഫോട്ടോകള്‍ സെന്‍ഡ് ചെയ്യാന്‍ കഴിയുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.

4കെ റെസല്യൂഷനിലുള്ള ഫോട്ടോകള്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം.

തുടക്കത്തില്‍ യുഎസ്, കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, യുകെ , സിംഗപ്പൂര്‍, ഹോങ്കോങ്, ജപ്പാന്‍ , ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ആണ് ഫെയ്സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഐഫോണിലും ആന്‍ഡ്രോയ്ഡിലും ഒരുപോലെ മെസ്സഞ്ചര്‍ 4കെ റെസല്യൂഷന്‍ ഫോട്ടോകള്‍ സപ്പോര്‍ട്ട് ചെയ്യും.

വരും ആഴ്ചകളില്‍ ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍ 4കെ ഫോട്ടോ ഷെയറിങ് സപ്പോര്‍ട്ട് കൂടുതല്‍ രാജ്യങ്ങളിലും ലഭ്യമാക്കി തുടങ്ങുമെന്നു കമ്പനി അറിയിച്ചു.

Top