ഫ്രഞ്ച് സൂപ്പര്‍ കപ്പ്; മൊണാക്കോയെ തറപറ്റിച്ച് പിഎസ്ജി

ഷെഹന്‍സാന്‍: ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട്‌ വീണ്ടും പിഎസ്ജി. 23-ാമത് ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ (ട്രോഫി ഡസ് ചാംപ്യന്‍സ്) മുന്‍ ജേതാക്കളായ മൊണാക്കോയെ പിഎസ്ജി തോല്‍പ്പിക്കുകയായിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.

ഇരട്ട ഗോള്‍ നേടിയ അര്‍ജന്റൈന്‍ സൂപ്പര്‍താരം എയ്ഞ്ചല്‍ ഡിമരിയയാണ് പിഎസ്ജിയുടെ ഹീറോ. കളിയുടെ 32, 92 (ഇഞ്ചുറിടൈം) മിനിറ്റുകളിലായിരുന്നു ഡിമരിയയുടെ ഗോള്‍ നേട്ടം. ക്രിസ്റ്റഫര്‍ എന്‍കുന്‍കു (39), ടിമോത്തി വെഹ് (67) എന്നിവരാണ് പാരിസ് സെന്റ് ജര്‍മെയ്‌നിന്റെ മറ്റു സ്‌കോറര്‍മാര്‍.

ഒരിടവേളയ്ക്കു ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടും പിഎസ്ജിക്കു വേണ്ടി കളത്തിലിറങ്ങിയ മത്സരം കൂടിയായിരുന്നു മൊണാക്കോയ്‌ക്കെതിരേയുള്ളത്. കളിയുടെ 75-ാം മിനിറ്റിലാണ് നെയ്മര്‍ പിഎസ്ജിക്കു വേണ്ടി കളത്തിലിറങ്ങിയത്.

ഫ്രഞ്ച് സൂപ്പര്‍ കപ്പില്‍ എട്ടാം തവണയാണ് പിഎസ്ജി ജേതാക്കളാവുന്നത്. ഇതോടെ കിരീടവേട്ടയില്‍ ലിയോണിന്റെ റെക്കോഡിനൊപ്പമെത്താനും പിഎസ്ജിക്കായി.

Top