ഫ്രഞ്ച് ഓപ്പൺ: കലണ്ടർ വർഷത്തെ മുപ്പതാം മത്സര വിജയവുമായി എലേന റിബകീന

പാരിസ് : കലണ്ടർ വർഷത്തെ മുപ്പതാം മത്സര വിജയവുമായി കസഖ്സ്ഥാൻ താരം എലേന റിബകീന ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ. നാലാം സീ‍ഡും നിലവിലെ വിമ്പിൾഡൻ ചാംപ്യനുമായ റിബകീന, റാങ്കിങ്ങിൽ 50–ാം സ്ഥാനത്തുളള ചെക്ക് റിപ്പബ്ലിക്കിന്റെ ലിൻഡ നൊസ്കോവയെ അനായാസം തോൽപിച്ചു (6–3, 6–3). യുഎസ് താരം ക്ലെയർ ലൂവിനെ തോൽപിച്ച് ഒന്നാം സീഡും നിലവിലെ ചാംപ്യനുമായ ഇഗ സ്യാംതെക്കും (6-4, 6-0) മുന്നേറി. പാരിസിലെ കിരീടപ്പോരാട്ടത്തിൽ മുൻനിരയിലുള്ള താരങ്ങളാണ് ഇഗയും റിബകീനയും. യുഎസ് ഓപ്പൺ റണ്ണറപ്പായ മാ‍‍ഡിസൻ കീസിനെ യുഎസ് സഹതാരം കെയ്‌ല ഡേ അട്ടിമറിച്ചു (6–2, 4–6, 6–4).

പുരുഷൻമാരിൽ മുൻനിര താരങ്ങളായ കാർലോസ് അൽകാരസും നൊവാക് ജോക്കോവിച്ചും കാസ്പർ റൂഡും മൂന്നാം റൗണ്ടിലെത്തി. ഒന്നാം സീഡായ സ്പാനിഷ് താരം അൽകാരസ് ജപ്പാൻ താരം ടാരോ ഡാനിയേലിനെ തോൽപിച്ചപ്പോൾ (6–1, 3–6, 6–1, 6–2) മൂന്നാം സീഡ് ജോക്കോവിച്ച് ഹംഗറിയുടെ മാർട്ടൻ ഫുസ്കോവിച്ചിനെ മറികടന്നു (7–6, 6–0, 6–3). എട്ടാം സീഡ് ഇറ്റലിയുടെ ജാനിക് സിന്നറെ ജർമൻ താരം ഡാനിയേൽ ആൽ‌മെയർ (6-7, 7-6, 1-6, 7-6, 7-5) അട്ടിമറിച്ചു.

Top