ഫ്രഞ്ച് ഓപ്പണ്‍; സെമിയില്‍ നദാലിനെ വീഴ്ത്തി ജോക്കോവിച്ച്

djokovic

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ അടി പതറി റാഫേല്‍ നദാല്‍. ടൂര്‍ണമെന്റിലെ വാശിയേറിയ സെമി പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലില്‍. ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ആദ്യ സെറ്റ് പിന്നില്‍ നിന്നതിനു ശേഷമാണ് ജോക്കോവിച്ച് ജയം സ്വന്തമാക്കിയത്.

ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് നദാലിനെ പരാജയപ്പെടുത്തിയത്. മുമ്പ് കളിച്ച 107 ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങളില്‍ വെറും 2 മത്സരങ്ങള്‍ മാത്രം തോറ്റ നദാലിനെ റോളണ്ട് ഗാരോസ് സെമിയില്‍ 2015 ല്‍ വീഴ്ത്തിയ നേട്ടം ജോക്കോവിച്ച് ആവര്‍ത്തിച്ചപ്പോള്‍ പിറന്നത് ചരിത്രമാണ്. വെറും മൂന്നാം തവണ മാത്രം ഫ്രഞ്ച് ഓപ്പണില്‍ തോറ്റ നദാല്‍ ജോക്കോവിച്ചിനോട് മാത്രം ആണ് രണ്ടാമതും തോല്‍വി വഴങ്ങുന്നത്.

സ്‌കോര്‍ 3-6, 6-3, 7-6, 6-2.

14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാലിന് ജോക്കോവിച്ചിന് മുന്നില്‍ ചുവടുപിഴച്ചു. ഫൈനലില്‍ ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസാണ് ജോക്കോവിച്ചിന്റെ എതിരാളി. സെമിയില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെയാണ് സിറ്റ്‌സിപാസ് പരാജയപ്പെടുത്തിയത്. നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് സിറ്റ്‌സിപാസ് ജയം സ്വന്തമാക്കിയത്.

സ്‌കോര്‍ 3-6, 3-6, 6-4, 6-4, 3-6.

Top