പാരിസ്: വടക്കന്‍ ആഫ്രിക്ക വിഭാഗത്തിന്റെ അല്‍ഖ്വയ്ദ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി ഫ്ലോറന്‍സ് പാര്‍ലെ. മാലിയിലെ പ്രമുഖ ജിഹാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് അല്‍ ഇസ്ലാം വാല് മുസ്ലിമിന്റെ (ജെഎന്‍ഐഎം) നേതാവായ ഇയാദ് അഗ് ഘാലിയുടെ വലംകൈയായിരുന്നു മൗസ്സെ.
മാലി സേനയ്ക്കും രാജ്യാന്തര സേനകള്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയ ആളാണ് മൗസ്സെയെന്ന് പാര്‍ലെ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. യുഎസിന്റെ ഭീകരപട്ടികയിലും മൗസ്സെ ഉണ്ടായിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ വന്‍ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഫ്രാന്‍സ് മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചിരുന്നു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്.