സ്വകാര്യ ഹജ് ക്വോട്ട മരവിപ്പിക്കൽ; ഹൈക്കോടതി വിധിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂഡൽഹി : കേരളത്തിലെ 10 എണ്ണം ഉൾപ്പെടെ, 17 സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ് ക്വോട്ട മരവിപ്പിച്ചതു സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി ഇടപെട്ടില്ല. സ്റ്റേയ്ക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് വിസമ്മതിച്ചു. റജിസ്ട്രേഷനുവേണ്ടി വസ്തുതകൾ തെറ്റായി കാണിച്ചുവെന്നതുൾപ്പെടെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു 17 ഗ്രൂപ്പുകളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാർ റദ്ദാക്കിയത്.

സ്റ്റേ ഉത്തരവിനെ കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു. കൃത്യവിലോപം നടത്തുന്ന ഓപ്പറേറ്റർമാർക്ക് അനുമതി നൽകിയാൽ തീർഥാടകരാണു ബുദ്ധിമുട്ടുകയെന്നു കേന്ദ്ര സർക്കാർ കോടതിയിൽ ഉന്നയിച്ചു. എന്നാൽ, വിഷയം ജൂലൈ 7നു ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതു കണക്കിലെടുത്ത സുപ്രീം കോടതി വസ്തുതകളിലേക്കു കടന്നില്ല. ഹജ് ക്വോട്ടയിൽ 80% ഹജ് കമ്മിറ്റി വഴിയും ബാക്കി ഹജ് ഗ്രൂപ്പ് ഓർഗനൈസേഴ്സ് വഴിയുമാണ്. മേയിൽ 512 എണ്ണത്തിന് അനുമതി നൽകിയെങ്കിലും ഇതിൽ ചിലതിനെക്കുറിച്ചു പിന്നീടു പരാതി ലഭിച്ച പശ്ചാത്തലത്തിലാണു ക്വോട്ട മരവിപ്പിച്ചതെന്നും കേന്ദ്രം കോടതിയിൽ വിശദീകരിച്ചു.

Top