ഇന്ധന വില വര്‍ധനവിന് മരവിപ്പ്; കാറ്റുപോയി എണ്ണക്കമ്പനികള്‍

ഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എങ്ങനെയും ഭരണം പിടിക്കാനിറങ്ങിയ സര്‍ക്കാര്‍ കഴിഞ്ഞ 20 ദിവസമായി എണ്ണവില വര്‍ധന മരവിപ്പിച്ചത് കാരണം പണി കിട്ടിയിരിക്കുന്നത് സത്യം പറഞ്ഞാല്‍ എണ്ണക്കമ്പനികള്‍ക്കാണ്. ദിനംപ്രതി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധനവില എന്ന ചര്‍ച്ചാവിഷയം കുറച്ചു ദിവസമായി മരവിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ച് ഇന്ത്യയില്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇത് മുതലെടുത്ത് ഓരോ ദിവസവും തുടര്‍ച്ചയായി വില കൂട്ടിക്കൊണ്ടിരുന്ന കമ്പനികള്‍ക്ക് ലാഭം ഇരട്ടിയാക്കാനുള്ള അവസരമാണ് ഈ വിലവര്‍ധന മരവിപ്പിച്ചതിനാല്‍ തത്കാലം മുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയിലെ നിലവിലെ വില വര്‍ധനയും ഇന്ത്യയില്‍ വിലയേറ്റുന്ന തോതും പരിഗണിച്ചാല്‍ മുംബൈയില്‍ എണ്ണവില 103 രൂപയായി ഉയരേണ്ട സമയം കഴിഞ്ഞു. പക്ഷെ, വോട്ട് നേടാനായുള്ള ഓട്ടത്തില്‍ എണ്ണവില തിരിച്ചടിക്കുമോ എന്ന ചിന്ത അത് മരവിപ്പിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചപ്പോള്‍ ലിറ്ററിന് ചുരുങ്ങിയത് നാലു രൂപയാണ് ജനത്തിന് ലാഭം, ഡീസലിന് രണ്ടു രൂപയും.

ഫെബ്രുവരി 27നു ശേഷം ഇന്ധന വില ഉയര്‍ത്തിയിട്ടില്ല. അന്ന് ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 64.68 ഡോളറായിരുന്നു. ഇടക്ക് 68.42 ഡോളര്‍ വരെയെത്തി. എന്നിട്ടും വില വര്‍ധിച്ചില്ല. ഇന്ധന കമ്പനികള്‍ ഇതേ കുറിച്ച് പ്രതികരിക്കുന്നുമില്ല. മുമ്പ് രാജ്യാന്തര വിപണിയില്‍ കുറഞ്ഞപ്പോഴും ഇന്ത്യയില്‍ വില ഉയര്‍ത്തുന്നത് തുടര്‍ക്കഥയായിരുന്നു.

ഫെബ്രുവരി 17നാണ് രാജ്യ ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 100 കടന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലും, മധ്യപ്രദേശിലെ ബോപ്പാലിലുമായിരുന്നു ആദ്യം ഇന്ധനവില സെഞ്ച്വറിയടിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റിടങ്ങളിലും വില മൂന്നക്കം കടന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 90 രൂപക്ക് മുകളിലാണ് ഇപ്പോള്‍ ഇന്ധന വില. എണ്ണവില മാത്രമല്ല, പാചക വാതക വിലയും ഡിസംബറിനു ശേഷം മാത്രം 175 രൂപ ഉയര്‍ന്നിട്ടുണ്ട്.

രണ്ടിരട്ടിയോളം വില നികുതിയായി ഒടുക്കുന്നതിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം ശക്തമായിട്ടും നികുതി കുറച്ച് സാധാരണക്കാരന്റെ തലയിലെ ഭാരം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 2018ലും സമാനമായി കേന്ദ്രം ഇടപെട്ട് വില വര്‍ധന 19 ദിവസത്തേക്ക് അനൗദ്യോഗികമായി മരവിപ്പിച്ചിരുന്നു.

 

Top