സത്യാഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളി; രാഷ്ട്രപിതാവിനെ ആക്ഷേപിച്ച് ബിജെപി നേതാവ്

ബംഗളൂരു: സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര്‍ ഹെഡ്‌ഗെ.

നിലവില്‍ ലോക്‌സഭാംഗമായ ഹെഗ്‌ഡെ ഒരു പൊതുപരിപാടിയിലാണ് ഇങ്ങനെ പ്രസ്താവിച്ചത്. ഗാന്ധി വധത്തില്‍ ആര്‍ എസ് എസിന് പങ്കില്ലെന്നും ഹെഗ്ഡെ കൂട്ടിച്ചേര്‍ച്ചു.

ഒരു നേതാക്കളും പൊലീസിന്റെ അടി കൊണ്ടിട്ടില്ലെന്നും, ബ്രിട്ടിഷുകാരുടെ അനുമതിയോട് കൂടി നേതാക്കള്‍ അരങ്ങേറിയ നാടകമായിരുന്നുവിതെന്നും സ്വാതന്ത്ര്യ സമരം അഡ്ജസ്റ്റ്‌മെന്റായിരുന്നുവെന്നും അനന്ത്കുമാര്‍ പറഞ്ഞു.

ഈ കോണ്‍ഗ്രസുകാര്‍ സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറഞ്ഞു നടക്കുന്നത് കള്ളമാണെന്നും ബ്രിട്ടീഷുകാര്‍ പോയത് അത് കൊണ്ടൊന്നും അല്ലെന്നും ഹെഡ്‌ഗെ പറഞ്ഞു.

എന്നാല്‍, ഹെഡ്‌ഗെയുടെ വിവാദ പ്രസ്താവനയോട് കര്‍ണാടക ബിജെപി നേതൃത്വം അകലം പാലിച്ചിരിക്കുകയാണ്. ആര്‍എസ്എസിന് മഹാത്മ ഗാന്ധിയോട് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനന്‍ വ്യക്തമാക്കി.

ഹെഡ്‌ഗെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി മാധ്യമശ്രദ്ധ നേടുവാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. ഇപ്പോള്‍ അയാള്‍ മന്ത്രിയല്ലെന്നും, പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം അബദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് എംഎല്‍എ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.

ഗാന്ധിജി മുസ്ലീം പിതാവിന്റെയും ക്രിസ്ത്യന്‍ മാതാവിന്റെയും മകനായി ജനിക്കുകയും ബ്രാഹ്മണനാണെന്ന് അവകാശപ്പെടുകയും ചെയ്തയാളാണെന്നും ഹെഡ്‌ഗെ മുമ്പ് പറഞ്ഞിട്ടുണ്ട്.

Top