അഭിപ്രായ സ്വാതന്ത്രം; കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങളില്‍ ആശങ്കയെന്ന് ട്വിറ്റര്‍

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ ഡിജിറ്റല്‍ മീഡിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ആശങ്കയറിയിച്ച് ട്വിറ്റര്‍. അഭിപ്രായ സ്വാതന്ത്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ ട്വിറ്ററിന് ബാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ട്വിറ്റര്‍ ജീവനക്കാരെക്കുറിച്ചും സേവിക്കുന്ന ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിന്‍മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റര്‍ പറയുന്നത്.

സുതാര്യതയാണ് ആദര്‍ശമെന്ന് പറഞ്ഞ സാമൂഹിക മാധ്യമം ഭയപ്പെടുത്താനുള്ള പൊലീസിന്റെ തന്ത്രങ്ങളില്‍ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ചട്ടങ്ങളില്‍ മാറ്റം വരുത്തണം എന്നാണ് നിലപാടെന്ന് വ്യക്തമാക്കിയ ട്വിറ്റര്‍ സര്‍ക്കാരുമായുള്ള ക്രിയാത്മക സംഭാഷണം തുടരുമെന്നും വ്യക്തമാക്കി.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും കമ്പനികള്‍ക്കും സമൂഹത്തിനും പൊതുജന താല്‍പര്യം സംരക്ഷിക്കാനുള്ള കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് ട്വിറ്ററിന്റെ നിലപാട്. ചില കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായി സന്ദേശം ആര് സൃഷ്ടിച്ചു എന്നത് കണ്ടെത്തുകയാണ് ഉദ്ദേശമെന്നും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിയമമെന്നുമാണ് നിയമമന്ത്രിയുടെ ന്യായീകരണം. സര്‍ക്കാര്‍ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറയുന്നു.

 

Top