രാജ്യത്ത് അഭിപ്രായ സ്വാതന്ത്രം ഭീഷണി നേരിടുകയാണ്; സോണിയ ഗാന്ധി

sonia gandhi

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുകയാണെന്നും ജനാധിപത്യം തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സോണിയ പറഞ്ഞു.

ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍, വെറുപ്പിന്റെ വിഷം രാജ്യത്ത് വ്യാപിപ്പിക്കുകയാണ്. ജനാധിപത്യം തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവര്‍ ആഗ്രഹിക്കുന്നത് ഇന്ത്യയിലെ ജനങ്ങള്‍, നമ്മുടെ ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍, യുവാക്കള്‍ എല്ലാവരും വായടയ്ക്കണമെന്നാണ്. ജനങ്ങളെ നിശ്ശബ്ദരാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്, സോണിയ പറഞ്ഞു.

സ്വാതന്ത്ര്യം നേടി 75 വര്‍ഷത്തിനു ശേഷം ജനാധിപത്യവും ഭരണഘടനയും ഭീഷണി നേരിടേണ്ടി വരുന്ന ദുഷ്‌കരമായ സാഹചര്യം നമ്മുടെ രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും ബി.ആര്‍. അംബേദ്കറും ഉള്‍പ്പെടെയുള്ള പൂര്‍വികര്‍ ആരും സങ്കല്‍പിച്ചിട്ടുണ്ടാവില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

Top