ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തം: ഡൽഹി ഹൈക്കോടതി

ഡൽഹി: ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരമുള്ള മൗലിക അവകാശത്തിന്റെ ഭാഗമെന്ന് ഡൽഹി ഹൈക്കോടതി. മതത്തിനോ മറ്റു വിശ്വാസങ്ങൾക്കോ അതിൽ സ്ഥാനമൊന്നുമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ മകൾ വിവാഹം കഴിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിലായ കുടുംബാംഗങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമർശം. സ്വന്ത ഇഷ്ടപ്രകാരം വിവാഹം കഴിച്ചവർ സുരക്ഷ തേടിയെത്തുമ്പോൾ പൊലീസ് കൂടുതൽ ചുമതലാബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ച് അവർ യുവാവിന്റെ സ്വകാര്യ ഭാഗം തകർത്തു. അതിക്രൂരമായ ആക്രമണമാണ് യുവാവിനു നേരെ ഉണ്ടായതെന്നും ഇക്കാര്യത്തിൽ പൊലീസിനു വീഴ്ച സംഭവിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

സ്വന്തം വിവാഹം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശത്തിന്റെ നൈസർഗികമായ ഭാഗമാണ്. അതിൽ മതത്തിനോ മറ്റു വിശ്വാസത്തിനോ കാര്യമൊന്നുമില്ല. വ്യക്തി സ്വാതന്ത്ര്യത്തിന്റെ സത്തയാണത്- കോടതി പറഞ്ഞു. ദമ്പതികൾക്കു സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ഭീഷണിയുണ്ടെന്നു പരാതി ലഭിച്ചിട്ടും പൊലീസ് വേണ്ടത്ര ജാഗ്രതയോടെ പ്രവർത്തിച്ചില്ല. ഇതിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണം എന്നതിൽ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്ന് കോടതി കമ്മിഷണർക്കു നിർദേശം നൽകി. സ്വന്തം ഇഷ്ടപ്രകാരം നിയമപ്രകാരം വിവാഹിതരാവുന്നവർക്കു സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിൽ പെൺകുട്ടിയുടെ അമ്മയുടെയും അമ്മുമ്മയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റകൃത്യത്തിൽ പങ്കില്ലെന്നു കണ്ട സഹോദരിക്കു ജാമ്യം അനുവദിച്ചു.

Top