സൗജന്യ വാക്‌സിന്‍; പ്രധാനമന്ത്രിക്ക് നന്ദി ബാനറുകള്‍ സ്ഥാപിക്കാന്‍ യുജിസി നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിനേഷന്‍ ഏര്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കാന്‍ സര്‍വകലാശലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നിര്‍ദേശം നല്‍കി.

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിനേഷനെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന് തൊട്ടുമുമ്പായി ഞായറാഴ്ചയോടെയാണ് സര്‍വകലാശാല അധികൃതര്‍ക്ക് യുജിസി സെക്രട്ടറി രജ്നിഷ് ജെയിന്റെ വാട്സാപ്പ് സന്ദേശം വന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അവരുടെ സാമൂഹിക മാധ്യമ പേജുകളിലും പ്രധാനമന്ത്രിക്ക് നന്ദി അര്‍പ്പിച്ചുള്ള ബാനറുകള്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇതിനോടകം ബാനറുകളും ഹോര്‍ഡിംഗുകളും സ്ഥാപിച്ചു കഴിഞ്ഞു. അത് സര്‍വകലാശാലകളുടെ സാമൂഹിക അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘താങ്ക്യുമോദിജി’എന്ന ഹാഷ്ടാഗാണ് ഇതിനായി നല്‍കിയിരിക്കുന്നത്.

 

Top