സൗജന്യ വാക്‌സിന്‍; 80000 കോടി വകയിരുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സീന്‍ സൗജന്യമാക്കുന്നതിനും റേഷന്‍ വിതരണത്തിനും ആയി ഈ വര്‍ഷം എണപതിനായിരം കോടി രൂപ വകയിരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബജറ്റില്‍ പ്രഖ്യാപിച്ച 35000 കോടി രൂപ ഇതിന് മതിയാകില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സീന്‍ നല്കാന്‍ 50,000 കോടി രൂപ വരെ ചിലവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കൊവിഡ് കണക്കിലെടുത്ത് ജൂണ്‍ വരെ സൗജന്യ റേഷന്‍ നല്‍കാന്‍ 26000 കോടി രൂപയാണ് സര്‍ക്കാര്‍ നേരത്തെ മാറ്റിവച്ചത്. നവംബര്‍ വരെ ഇത് നല്‍കാന്‍ തീരുമാനിച്ചതോടെ 90,000 കോടി രൂപയെങ്കിലും ഇതിന് വേണ്ടി വരും. അതായത് വാക്‌സീന്‍ റേഷന്‍ ചെലവുകള്‍ കൂടിയതോടെ ബജറ്റിനെക്കാള്‍ 80,000 കോടി രൂപ ഈ വര്‍ഷം സര്‍ക്കാരിന് കണ്ടെത്തേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

സ്വകാര്യ ആശുപത്രികള്‍ വഴി നല്‍കുന്ന കൊവാക്‌സിന് ഒരു ഡോസിന് വില 1410 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട് . കൊവിഷീല്‍ഡിന് 780 രൂപയും സ്പൂട്‌നിക്കിന് 1145 രൂപയുമാണ് കണക്കാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിച്ച 25 ശതമാനം ക്വാട്ടയില്‍ കൂടുതല്‍ വാക്‌സീന്‍ അവര്‍ക്കു കിട്ടുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ദേശീയ ആരോഗ്യ പോര്‍ട്ടല്‍ വഴിയാകും ഇത് നിരീക്ഷിക്കുക.

Top