ഒന്നാം വാര്‍ഷികാഘോഷത്തില്‍ സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ

കൊച്ചി: ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ യാത്ര ഒരുക്കി കൊച്ചി മെട്രോ. കെ.എം.ആര്‍.എല്‍. വാര്‍ഷിക ദിനത്തില്‍ മെട്രൊയില്‍ സഞ്ചരിക്കാനെത്തുന്ന എല്ലാവര്‍ക്കും ഇന്ന് സൗജന്യമായി എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.

സര്‍വീസ് ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്‌ബോള്‍ മെട്രോക്ക് മികച്ച വളര്‍ച്ച കൈവരിക്കാനായെന്നാണ് കെ.എം.ആര്‍.എല്‍ വിലയിരുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു കൊച്ചിയുടെ മെട്രോ ഓടിത്തുടങ്ങിയത്. പക്ഷെ മെട്രോയില്‍ തിരക്കേറിത്തുടങ്ങിയത് മഹാരാജാസ് വരെ പാത നീട്ടിയപ്പോഴായിരുന്നു. ഒരു വര്‍ഷം കൊണ്ട് പ്രതിദിന നഷ്ടത്തിന്റെ നിരക്ക് വര്‍തോതില്‍ കുറക്കാനായതിന്റെ സന്തോഷത്തിലാണ് മെട്രോ അധികൃതര്‍.

ടിക്കറ്റ് ഇതര വരുമാനം വര്‍ധിക്കുന്നതോടെ പ്രതിസന്ധികളെ മറികടക്കാനാവുമെന്നും കെ.എം.ആര്‍.എല്‍ കണക്കുകൂട്ടുന്നു. കൊമേഴ്സ്യല്‍ സര്‍വീസ് തുടങ്ങിയതിന്റെ വാര്‍ഷിക ദിനത്തില്‍ എല്ലാവര്‍ക്കും സൗജന്യ യാത്ര നല്‍കി കൂടുതല്‍ ജനകീയമാവാന്‍ ഒരുങ്ങുകയാണ് കെഎംആര്‍എല്‍.

Top