ഇന്ത്യ- ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനം

ഡൽഹി: സ്വതന്ത്ര വ്യാപാര കരാർ, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ- ബ്രിട്ടൻ ധാരണ. ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും തമ്മിൽ ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി.

പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കും. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഇത് യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായും മോദി വ്യക്തമാക്കി.

യുക്രൈനിൽ ഉടൻ വെടിനിർത്തൽ വേണമെന്നും അഫ്ഗാനിൽ നിന്ന് മറ്റു രാജ്യങ്ങൾക്ക് ഭീഷണി ഉണ്ടാകരുതെന്നും മോദി ആവശ്യപ്പെട്ടു. രാജ്യങ്ങളുടെ പരമാധികാരത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ഉയർത്തിക്കാണിച്ചതായും മോദി പറഞ്ഞു.

ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരോട് നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചിട്ടുണ്ട്. മോദിയുമായി ക്രിയാത്മക ചർച്ചയാണ് നടന്നത്. ബന്ധം ശക്തമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്തു. പ്രതിരോധ, സുരക്ഷാ മേഖലകളിൽ ബന്ധം ശക്തമാക്കാൻ ഇരുരാജ്യങ്ങളും ധാരണയെത്തിയതായും ബോറിസ് ജോൺസൺ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ബോറിസ് ജോൺസണും സംയുക്ത പ്രസ്താവന നടത്തി.

Top