free tickets of india-westindies match for bureaucrats

മുംബൈ: ചരിത്രമുറങ്ങുന്ന വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെ 250 ടിക്കറ്റുകള്‍ ഇനി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉന്നതര്‍ക്ക് അവകാശപ്പെട്ടത്. അതും സൗജന്യമായി. ഇതുപ്രകാരം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 ലോകകപ്പ് സെമി ഫൈനല്‍ കാണാന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കായി 250 ടിക്കറ്റുകള്‍ നീക്കിവയ്ക്കും. 1974ല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭൂമിയാണ് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ മഹാരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനു പ്രതിഫലം പറ്റാതെ നല്‍കിയതിന്റെ പ്രത്യുപകാരമായാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നത്. 42 വര്‍ഷമായി തുടരുന്ന പതിവാണിതെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ നടപടിയില്‍ ക്രിക്കറ്റ് ആരാധകര്‍ നിരാശ പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പണം മുടക്കി ടിക്കറ്റ് വാങ്ങുവാന്‍ കഴിവുള്ളപ്പോള്‍ സൗജന്യമായി ടിക്കറ്റ് നല്‍കുന്നത് നീതിയല്ലെന്ന് ആരാധകര്‍ പ്രതികരിച്ചു. മൂന്നുദിവസമായി സ്റ്റേഡിയത്തില്‍ കാത്തുനിന്നിട്ടും പലര്‍ക്കും സെമി ഫൈനല്‍ മത്സരം കാണാനുള്ള ടിക്കറ്റുകള്‍ ലഭിച്ചിരുന്നില്ല.

വാങ്കഡെ സ്റ്റേഡിയത്തില്‍ ആകെയുള്ള 33,000 സീറ്റുകളുള്ള സ്‌പോണ്‍സര്‍മാര്‍ക്കും പരസ്യക്കാര്‍ക്കും കളിക്കാര്‍ക്കും പ്രതിനിധിക്കുമായി 14,000 സീറ്റുകള്‍ നീക്കിവയ്ക്കുന്നത്. അവശേഷിക്കുന്ന 19,000 ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിയുക. ടിക്കറ്റ് ഒന്നിന് 1,500 മുതല്‍ 10,000 രൂപവരെയാണ് വില.

Top