വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര ; കെഎസ്‌ആര്‍ടിസിക്ക് 124 കോടിയുടെ ബാധ്യതയെന്ന് മന്ത്രി

തിരുവനന്തപുരം : ഒരു വര്‍ഷത്തിനിടെ വിദ്യാര്‍ഥികള്‍ക്കു യാത്രാസൗജന്യം അനുവദിച്ച വകയില്‍ കെഎസ്ആര്‍ടിസിക്കുണ്ടായത് 124.26 കോടി രൂപയുടെ ബാധ്യതയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍.

നിലവിലെ കണ്‍സഷന്‍ വ്യവസ്ഥയില്‍ ഒരു മാറ്റവും ആലോചിക്കുന്നില്ല. 40 കിലോമീറ്റര്‍ വരെ പരിധിയിലാണു നിലവില്‍ യാത്രാ സൗജന്യം. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ അലോട്‌മെന്റിലൂടെ 40 കിലോമീറ്ററിനപ്പുറത്തുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പ്രത്യേക യാത്രാസൗജന്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിബിഎസ്ഇ, ഐ സിഎസ്ഇ സ്ഥാപനങ്ങളില്‍ വാര്‍ഷിക അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി സമര്‍പ്പിക്കാത്തതു മൂലമാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍ക്കു കണ്‍സഷനു താമസമുണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top