എല്ലാ തോട്ടം തൊഴിലാളികള്‍ക്കും സൗജന്യ അരി; രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതിയോടനുബന്ധിച്ച് എല്ലാ തോട്ടം തൊഴിലാളികള്‍ക്കും, ചെറുകിട തോട്ടം തൊഴിലാളികള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമുളള തുക ഉപയോഗിച്ച് 15 കിലോഗ്രാം വീതം അരി സൗജന്യമായി നല്‍കുവാന്‍ ഉത്തരവിട്ട സര്‍ക്കാര്‍.

ഇതിനായി പ്ലാന്റേഷന്‍ ലേബര്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന തോട്ടങ്ങളില്‍ തൊഴിലാളികളുടെ പേര്, റേഷന്‍ കാര്‍ഡ് നമ്പര്‍, എ.ആര്‍.ഡി. നമ്പര്‍ എന്നിവ സഹിതം തോട്ടം ഉടമകള്‍ 2018 ഓഗസ്റ്റ് 27 -ന് മുന്‍പായി ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ഏല്‍പ്പിക്കണം.

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായവര്‍ക്കും, അല്ലാത്തവര്‍ക്കും ക്ഷേമനിധി അംഗത്വ നമ്പര്‍ (ഉണ്ടെങ്കില്‍), റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ സഹിതം പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നേരിട്ട് ഹാജരാക്കുകയോ, ട്രേഡ് യൂണിയന്‍ മുഖാന്തിരമോ ഏല്‍പ്പിക്കാം. തിരുവോണം ഒഴിച്ച് എല്ലാ ദിവസവും കോട്ടയം ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സിന്റെ ഓഫീസും, സംസ്ഥാനത്തെ എല്ലാ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസും പ്രവര്‍ത്തിക്കുമെന്ന് കോട്ടയം ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് അറിയിച്ചു.

Top