എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ മാതൃയാനം പദ്ധതി നടപ്പാക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതിയെത്തിക്കുമെന്നും ആരോഗ്യ മന്ത്രി ഉറപ്പു നല്‍കി.

നിലവില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരവും, കണ്ണൂരും ഉടന്‍ യാഥാര്‍ത്ഥ്യമാകും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിയ്ക്കുന്ന മാതൃയാനം പദ്ധതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലും ആരംഭിക്കുന്നു. എസ്.എ.ടി.യില്‍ മാതൃയാനം പദ്ധതിയുടെ ട്രയല്‍ റണ്‍ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്.എ.ടി ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

പ്രതിവര്‍ഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ എസ്.എ.ടി.യില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനേകായിരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളില്‍ നിന്നും വിദഗ്ധ പ്രസവ ചികിത്സയ്ക്കായി എസ്.എ.ടി.യില്‍ എത്തുന്നുണ്ട്. വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് വളരെയധികം തുക ചെലവാകാറുണ്ട്. പലര്‍ക്കും ഇത് താങ്ങാനാവില്ല. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എല്ലാവര്‍ക്കും ഏറെ സഹായകരമാകും.

Top