സൗജന്യ പാചകവാതക കണക്ഷന്‍; 2019 ല്‍ കളം തിരിച്ചുപിടിക്കാനുള്ള ശ്രമവുമായ് മോദി

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചകവാതകം എത്തിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ തലകുനിക്കേണ്ടി വന്നപ്പോള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. 2016ല്‍ പ്രഖ്യാപിച്ച പദ്ധതി വിപുലപ്പെടുത്താനുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അനുമതി നല്‍കിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഈ നടപടി രാജ്യത്തെ എല്ലാ വീടുകളിലും പാചകവാതകം എത്തിക്കാന്‍ ഉതകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതി പ്രകാരം പാചകവാതകം വാങ്ങിക്കുന്നവര്‍ സ്വന്തമായി സ്റ്റൗ വാങ്ങിക്കണം. ഈ അധികഭാരം ലഘൂകരിക്കാന്‍ സ്റ്റൗ വാങ്ങുന്നതിന്റെ ചെലവും ആദ്യ തവണത്തെ സിലിണ്ടര്‍ വാങ്ങുന്നതിന്റെ ചെലവും മാസത്തവണകളായി കൊടുത്താല്‍ മതിയെന്ന നിര്‍ദേശമാണ് വച്ചിരിക്കുന്നത്. എന്നാല്‍ പിന്നീടുള്ള സിലിണ്ടര്‍ വാങ്ങലിനെല്ലാം വീട്ടുകാര്‍ തന്നെ പണം ചെലവഴിക്കേണ്ടിവരും.

Top