വിദേശികളുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ക്ക് കുവൈത്തില്‍ നിയന്ത്രണം വരുന്നു

കുവൈത്ത്: വിദേശികള്‍ക്ക് നല്‍കിവരുന്ന സൗജന്യ ആരോഗ്യ സേവനങ്ങള്‍ക്ക് കുവൈത്തില്‍ നിയന്ത്രണം വരുന്നു. ആരോഗ്യ മന്ത്രാലയം നേരിടുന്ന അധിക സാമ്പത്തിക ചെലവുകള്‍ ചുരുക്കുന്നതിനാണ് അധികൃതര്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമായി വിദേശികളുടെ ചികിത്സ ചെലവ് കുറക്കാന്‍ ആരോഗ്യ മന്ത്രാലയം പഠനം നടത്തുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രികളില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നത് കുറയ്ക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കുമെന്നും കൂടാതെ ആവശ്യമുള്ളതിനേക്കാള്‍ അധികം മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തി. പത്ത് ശതമാനമെങ്കിലും ചെലവ് ചുരുക്കാനാണ് ആലോചിക്കുന്നത്.

ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴിലുള്ള ചികിത്സ സേവനങ്ങളെ, വിശേഷിച്ച് ശസ്ത്രക്രിയ അപ്പോയിന്റ്‌മെന്റുകളെ പരിഷ്‌കരണം ബാധിക്കില്ല എന്നും, അതേസമയം നിസ്സാര കേസുകളില്‍ അനാവശ്യമായി മരുന്നുവിതരണം നടത്തുന്നത് നിയന്ത്രിക്കാനുമാണ് ആലോചിക്കുന്നത്.

അതോടൊപ്പം കുവൈത്ത് സ്വദേശികളെ വിദേശത്ത് ചികിത്സക്ക് അയക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും ആലോചനയുണ്ട്. ഗുരുതര കേസുകള്‍ക്ക് മാത്രം വിദേശത്ത് അയക്കുക, കുവൈത്തില്‍ ചികിത്സ ലഭ്യമായ കേസുകളില്‍ ഇവിടെ തന്നെ ചികിത്സ നല്‍കുന്നതിനും, സ്വദേശികളെ വിദേശത്തു കൊണ്ടു പോയി ചികിത്സിക്കുന്ന നിലവിലെ സാഹചര്യത്തില്‍ 30 ശതമാനം എങ്കിലും കുറവ് കണ്ടെത്തുന്നതിനുമാണ് അധികൃതർ ആലോചിക്കുന്നത്.

Top