ഓണത്തിന് 14 ഇനങ്ങളുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 14 ഇനങ്ങൾ ഉള്ള ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്യുക. തുണി സഞ്ചി ഉൾപ്പെടെയുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവാണ് ഉണ്ടാവുകയെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് കാലത്ത് എല്ലാ മാസവും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തിരുന്നു. കോവിഡ് നില മെച്ചപ്പെട്ടതോടെയാണ് മാസംതോറുമുള്ള ഭക്ഷ്യക്കിറ്റ് വിതരണം അവസാനിപ്പിച്ചത്. കഴിഞ്ഞ ഓണത്തിന് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. സമാനമായ നിലയിൽ ഇത്തവണയും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സാമ്പത്തിക നില മെച്ചപ്പെട്ട സംസ്ഥാനമല്ല കേരളത്തിന്റേത്. എങ്കിലും ജനക്ഷേമം കണക്കിലെടുത്ത് ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top