സിനിമാപ്രേമികളെ ആകര്‍ഷിക്കാന്‍ നിശാഗന്ധിയിൽ സൗജന്യ പ്രദര്‍ശനമൊരുക്കുന്നു

തിയറ്ററുകളില്‍ പോയി വലിയ തിരയില്‍ സിനിമ ആസ്വദിക്കുന്ന ശീലത്തിലേക്ക് പ്രേക്ഷകരെ മടക്കിക്കൊണ്ടുവരാൻ ചലച്ചിത്രവികസന കോര്‍പറേഷന്റെ ഇടപെടല്‍. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒന്‍പതുമാസമായി അടഞ്ഞു കിടക്കുകയാണ് തീയേറ്ററുകൾ. തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പല കാരണങ്ങള്‍ കൊണ്ട് വൈകുകയാണ്. പ്രേക്ഷകരുടെ താല്‍പ്പര്യക്കുറവും ഒരു ഘടകമാകാം. അതിനാൽ ചലച്ചിത്ര പ്രേമികളെ ആകർഷിക്കുന്നതിന് തിരുവനനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ സൗജന്യ സിനിമ പ്രദര്‍ശനം നടത്താനാണ് ചലച്ചിത്രവികസന കോര്‍പറേഷന്റെ പദ്ധതിയെന്ന് ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു. പാസ് മുഖേനയായിരിക്കും പ്രവേശനം. 100രൂപയാണ് പ്രവേശന ഫീസ്.

ഞായറാഴ്ച വൈകുന്നേരം 6.15ന് മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തോടാണ് തുടക്കം. തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം 6.15നു ചലച്ചിത്ര പ്രദർശനം ഉണ്ടാകും. ഒരാഴ്ചത്തെ പ്രേക്ഷകരുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും തുടർന്നുള്ള പ്രദർശനം. ആളുണ്ടെങ്കിൽ അടുത്ത മാസം വരെ എല്ലാ ദിവസവും വൈകുന്നേരം മികച്ച മലയാളം,ഇംഗ്ലിഷ് സിനിമകൾ പ്രദർശിപ്പിക്കും. 3000 പേർക്ക് ഇരിക്കാവുന്ന നിശാഗന്ധിയിൽ 200 സീറ്റ് മാത്രമേ ഉണ്ടാകൂ. ഓപ്പൺ എയർ തിയറ്റർ ആയതിനാൽ മറ്റ് ആശങ്ക വേണ്ട. ശരീരതാപനില പരിശോധിച്ചും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുമായിരിക്കും പ്രേക്ഷകരെ പ്രവേശിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകുറവാണെങ്കില്‍ ശനി,ഞായർ ദിവസങ്ങളിലേ പ്രദര്‍ശനം ഉണ്ടാകൂ.

Top