ഫ്രീ ബുക്കിംഗ്; രണ്ടാം വരവ് ആഘോഷമാക്കി എൽഎംഎൽ

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ എല്‍എംഎല്‍ ഇന്ത്യൻ വാഹന വിപണിയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക്ക് മോഡലുകളില്‍ ഒന്നിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. എല്‍എംഎല്‍ സ്റ്റാര്‍ എന്ന മോഡലിന്റെ ബുക്കിംഗാണ് തുടങ്ങിയത്. ഉപഭോക്താക്കള്‍ക്ക് എല്‍എംഎല്ലിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുകയും ഈ സ്‍കൂട്ടര്‍ ബുക്ക് ചെയ്യുകയും ചെയ്യാം. എൽഎംഎൽ സ്റ്റാർ റിസർവ് ചെയ്യുന്നതിന് ഉപഭോക്താവ് ഒരു പണവും അടയ്ക്കേണ്ടതില്ല എന്നതാണ് കൌതുകകരമായ കാര്യം എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വരാനിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയും പവർട്രെയിനും സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

പുതിയ എല്‍എംഎല്‍ സ്റ്റാർ ഇലക്ട്രിക് സ്കൂട്ടർ ആയാസരഹിതമായ യാത്രാനുഭവം, അസാധാരണമായ സ്പോർട്ടി റൈഡ്, ക്രമീകരിക്കാവുന്ന ഇരിപ്പിടങ്ങൾ, ഒരു ഇന്ററാക്ടീവ് സ്ക്രീൻ, ഫോട്ടോസെൻസിറ്റീവ് ഹെഡ്‌ലാമ്പ്, ചടുലവും വലുതുമായ ഘടന എന്നിവയുമായാണ് വരുന്നത് എന്നാണ് കമ്പനി പറയുന്നത്. 360-ഡിഗ്രി ക്യാമറ, ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, എൽഇഡി ലൈറ്റിംഗ് എന്നിവയും സ്‌കൂട്ടറിൽ ഉണ്ടാകും.

തങ്ങളുടെ മുൻനിര ഉൽപ്പന്നമായ എൽഎംഎൽ സ്റ്റാറിന്റെ ബുക്കിംഗ് ആരംഭിച്ചതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട് എന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അഭൂതപൂർവമായ ശ്രേണിയും ക്ലാസ്-ലീഡിംഗ് വേഗതയും ഒരു റൈഡർക്ക് എപ്പോഴെങ്കിലും ചിന്തിക്കാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യയും ഉണ്ടെന്നും എൽഎംഎൽ എംഡിയും സിഇഒയുമായ ഡോ. യോഗേഷ് ഭാട്ടിയ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ ഇതിനകം വർദ്ധിച്ചുവരുന്ന വാത്സല്യവും പ്രതീക്ഷകളും എല്‍എംഎല്‍ സ്റ്റാർ സഫലീകരിക്കുമെന്ന് ഉറപ്പുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത വർഷം മുതൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഭാവി ഇവികളുടെ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മൂൺഷോട്ട് മോട്ടോർസൈക്കിൾ, സ്റ്റാർ സ്‍കൂട്ടർ, ഓറിയോൺ ബൈക്ക് എന്നിവയാണ് പുതിയ മൂന്ന് എല്‍എംഎല്‍ മോഡലുകൾ. എല്ലാം ഇലക്ട്രിക് വാഹനങ്ങളാണ്. ഈ ഇവികൾ അസംബിൾ ചെയ്യുന്നതിനുള്ള നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് 500 കോടി രൂപയോളം സമാഹരിക്കുമെന്ന് ഇരുചക്ര വാഹന നിർമ്മാതാവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു .

 

Top