ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഭവം വർധിക്കുന്നു

കോഴിക്കോട്: ഫെയ്‌സ്ബുക്കിൽ ആള്‍മാറാട്ടം നടത്തി വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും പണം തട്ടുകയും ചെയ്യുന്ന സംഭവം വർധിക്കുന്നു. ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രം മോഷ്ടിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ആ അക്കൗണ്ടില്‍ നിന്ന് യഥാര്‍ത്ഥ വ്യക്തിയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയുമാണ് ഇത്തരം തട്ടിപ്പുകാർ ചെയ്യുന്നത്. ഇതിനോടകം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും മറ്റും വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് പരിചയക്കാരില്‍ നിന്നും പണം തട്ടിയ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.

യഥാര്‍ത്ഥ വ്യക്തിയുടെ അക്കൗണ്ടില്‍ നല്‍കിയിട്ടുള്ള അതേ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചുള്ള അക്കൗണ്ടില്‍ നിന്നാണ് പണം കടം ചോദിച്ചുള്ള സന്ദേശം ലഭിക്കുക. എന്തെങ്കിലും അടിയന്തിര ആവശ്യം ചൂണ്ടിക്കാട്ടിയാണ് അഭ്യര്‍ത്ഥന. കാശ് കയ്യിലുള്ളവര്‍ ചിലപ്പോള്‍ ഓണ്‍ലൈന്‍ ആയി പണം അയച്ചുകൊടുക്കുകയും ചെയ്യും. ദിവസങ്ങള്‍ക്ക് ശേഷം പണം നല്‍കിയവര്‍ യഥാര്‍ത്ഥ വ്യക്തിയോട് കാര്യമന്വേഷിക്കുമ്പോഴായിരിക്കും പണം നഷ്ടപ്പെട്ടത് തിരിച്ചറിയുക.

Top