വിഡിയോ കോൾ വഴി എഐ ടെക്നോളജി ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രത

മെസേജിലോ മറ്റോ ഒരു സുഹൃത്ത് പണം ആവശ്യപ്പെട്ടാൽ നാം ഒന്നു സംശയിക്കും. എന്നാൽ ആ സുഹൃത്തിന്റെ വിഡിയോ കോൾ വന്നാൽ പേടിക്കാനൊന്നുമില്ലെന്നാണ് കരുതുന്നത് എങ്കിൽ നിങ്ങളുടെ പണം നഷ്ടമായേക്കാം. എഐ ടെക്നോളജിയുടെ വികാസത്തിനൊപ്പം അതിന്റെ ദുരുപയോഗ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകാനൊരുങ്ങുന്നത്.

വിഡിയോകളിൽ പ്രശസ്തരുടെ മുഖം മാറ്റി സിനിമകളും സംഭാഷണങ്ങളും സ‍ൃഷ്ടിക്കുന്ന ഡീപ് ഫെയ്ക് സാങ്കേതികതയെക്കുറിച്ചു നാം വായിച്ചു, ഇത്തരം സംവിധാനങ്ങൾ ഒരു കൂട്ടം തട്ടിപ്പുകാരുടെ കയ്യിൽ എത്തിപ്പെട്ടാലെന്തായിരിക്കും സംഭവിക്കുന്നതെന്നും നോക്കാം.അടുത്ത സുഹൃത്ത് വിഡിയോ കോൾ വിളിച്ചു പണം തട്ടിയ സംഭവം വൻ വാർത്തയായതോടെയാണ് ഡീപ് ഫെയ്ക് ഇത്തരം പ്രശ്നങ്ങളും ഉണ്ടാക്കുമെന്നു മനസിലായത്.

നിങ്ങളുടെ പ്രൊഫൈലുകൾ നിരീക്ഷിച്ചു, അടുത്ത ബന്ധമുള്ള എന്നാൽ അൽപ്പം അകലെ താമസിക്കുന്ന സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് സാധ്യമാക്കുന്നത് . ജനറേറ്റീവ് അഡ്‌വേർസറിയൽ നെറ്റ്‌വർക്കുകൾ പോലുള്ള ഡീപ് ലേർണിംഗ് അൽഗോരിതങ്ങൾ ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

നിർമിത ബുദ്ധിയെ പരിശീലിപ്പിക്കാനും അതോടൊപ്പം ശബ്ദം അനുകരിക്കാനുമൊക്കെ എഐ ടൂളുകളുണ്ട്. പല വിദേശ പാട്ടുകാരും അവർ ഒരിക്കലും ചിന്തിക്കാത്ത പാട്ടുകള്‍ പോലും പാടുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രൊഫൈലിൽ അപ്​ലോഡ് ചെയ്ത ഏതെങ്കിലും വിഡിയോയിലെ ശബ്ദമുപയോഗിച്ചു എഐ ജനറേറ്റഡ് വോയിസ് നിർമിച്ചെടുക്കും.

താമസിയാതെ ഫോണിലേക്കു പണം ആവശ്യപ്പെട്ടു മെസേജെത്തും. വിശ്വാസ്യത തോന്നാനായി വിഡിയോ കോളും വിളിക്കും. തിരക്കിനിടയിലോ മറ്റോ കൂടുതൽ വിശദാംശങ്ങളന്വേഷിക്കാതെ പണം ഇടുകയാണെങ്കിൽ അമളി പറ്റുമെന്നുറപ്പ്.വാട്സ്ആപ് ഡെസ്‌ക്‌ടോപ്പ് വേർഷനിൽ വോയ്‌സ്, വിഡിയോ കോളിങ് സംവിധാനം അവതരിപ്പിച്ചതോടെയാണ് ഫേക് വീഡിയോ കോളിങിനു വാട്സ്ആപ് ഡെസ്‌ക്‌ടോപ്പ് വേർഷൻ തട്ടിപ്പുകാർ തെരഞ്ഞെടുക്കാനാരംഭിച്ചത്.

ഫേക്ക് വീഡിയോ കോളുകൾ എങ്ങനെ തിരിച്ചറിയാം

വിഡിയോയുടെ ഗുണനിലവാരം ശ്രദ്ധിക്കാം

വിഡിയോ പലപ്പോഴും കൃത്യമായ അനുപാതത്തിൽ ആകണമെന്നില്ല

അസാധാരണമായ പശ്ചാത്തലം ഉണ്ടോ എന്ന് ശ്രദ്ധിക്കുക

കോൺടാക്ട് ലിസ്റ്റിൽ ഉള്ള നമ്പറിൽ നിന്നാണോ കോൾ വരുന്നതെന്ന് ശ്രദ്ധിക്കാം.ഏതെങ്കിലും ആപിന്റെ വാട്ടർമാർക് ഉണ്ടോയെന്ന് ശ്രദ്ധിക്കാം.

പ്രതികരിക്കുന്നതിന് മുന്നേ യഥാർത്ഥ വ്യക്തിയുടേതെന്നുറപ്പുള്ള നമ്പറിൽ ബന്ധപ്പെടാം.

പരിചയമില്ലാത്ത വിഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായ അഭ്യർത്ഥന നടത്തിയാൽ പ്രതികരിക്കാതിരിക്കുക.

ഇത്തരത്തിൽ വ്യാജകോളുകളുടെ വിവരം ‌‌‌‌‌‌‌‌ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കുക. സേവനം 24 മണിക്കൂറും ലഭ്യമാണ്.

Top