ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന മുറിയിലെത്തിച്ച്‌ ഇന്ന് തെ‍ളിവെടുപ്പ് നടത്തും

Jalandhar bishop Franco Mulakkal,

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ആദ്യ ബലാത്സംഗം നടന്ന കുറവിലങ്ങാട് മഠത്തിലാണ് ബിഷപ്പിനെ തെളിവെടുപ്പിനെത്തിക്കുക.

മഠത്തിലെ കന്യാസ്ത്രീകളോട് തെളിവെടുപ്പ് കഴിയും വരെ മഠത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം കാണുന്നത് ഒഴിവാക്കുന്നതിനാണിത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാവിലെ തന്നെ തെളിവെടുപ്പ് നടപടികള്‍ ആരംഭിക്കും.

കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്കാണ് പെലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ പാല മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.

കഴിഞ്ഞ ദിവസം,കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് ബിഷപ്പിന്റെ ലൈംഗികക്ഷമതാ പരിശോധന നടത്തിയിരുന്നു. ഡിഎന്‍എ പരിശോധന നടത്തുന്നതിനുള്ള സാമ്പിളുകളും ശേഖരിച്ചു. ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തുറയിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും തന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ പറഞ്ഞിരുന്നു.

Top