“സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാന്‍ കഴിയില്ല”, ബിഷപ്പിന് പിന്തുണയുമായി മാര്‍.തോമസ് തറയില്‍

കോട്ടയം: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി ചങ്ങനാശ്ശേരി സഹായ മെത്രാന്‍ തോമസ് തറയില്‍. കുറ്റം തെളിയുന്നത് വരെ നിരപരാധിയായി കരുതണമെന്നാണ് പഠിച്ചിട്ടുള്ളത്. കുറ്റാരോപിതന്‍ കത്തോലിക്ക മെത്രാന്‍ ആയതുകൊണ്ടാണോ ഇങ്ങനെയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മാര്‍.തോമസ് തറയില്‍ ചോദിക്കുന്നു. സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയെന്ന് കരുതണം എന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം മനസിലായി: കുറ്റാരോപിതന്‍ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കില്‍ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ അയാള്‍ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും! ഇത് കാലത്തിന്റെ മാറ്റമാണോ അതോ നീതിബോധത്തിന്റെ പരിണാമമാണോയെന്നു എനിക്ക് നിശ്ചയം ഇല്ല….

പലരും സഭയുടെ മൗനത്തെക്കുറിച്ചു എന്നോട് ചോദിച്ചു. എനിക്കൊരുത്തരം മാത്രമേ ഉള്ളു…സത്യം അറിയാതെ നിലപാടെടുക്കാന്‍ സഭക്ക് സാധിക്കില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നതും കേരളം മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണ്.

Top