ബിഷപ്പിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീകള്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍.

അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമനടപടി കര്‍ശനമാക്കണമെന്നും കന്യാസ്ത്രീകള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ബിഷപ്പിന്റെ അറസ്റ്റ് വിവരം അറിഞ്ഞ് കന്യാസ്ത്രീകള്‍ സമരപന്തലില്‍ ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

മൂന്നാം ഘട്ടവും ചോദ്യം ചെയ്തതിന് ശേഷമാണ് അന്വേഷണസംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. കന്യാസ്ത്രീ പൊലീസിനു നല്‍കിയ മൊഴി, ചങ്ങനാശേരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്, ബിഷപ്പിന്റെ മുന്‍ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകള്‍ ഉപയോഗിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ഇന്നലെ ബിഷപ്പ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം രാത്രി തന്നെ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതു കൂടി കൂട്ടിച്ചേര്‍ത്തായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍. പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ് മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശക രജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറന്‍സിക് രേഖയുണ്ടെന്നും പൊലീസ് പറഞ്ഞു.

Top