ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തത് ആരുടേയും സമരഫലമായിട്ടല്ല : ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് ആരുടെയും സമരത്തിന്റെ ഫലമായിട്ടല്ലെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. വിധി കല്‍പ്പിക്കേണ്ടത് ജനങ്ങളല്ല നീതിന്യായ കോടതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചത്.

അതേസമയം മൂന്നാം ഘട്ടവും ചോദ്യം ചെയ്തതിന് ശേഷമാണ് അന്വേഷണസംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. കന്യാസ്ത്രീ പൊലീസിനു നല്‍കിയ മൊഴി, ചങ്ങനാശേരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്, ബിഷപ്പിന്റെ മുന്‍ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകള്‍ ഉപയോഗിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

ബിഷപ്പിനെ വൈകിട്ടോടെ വൈക്കം മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കും. പാലാ മജിസ്‌ട്രേട്ടിന് മുമ്പിലാണ് ബിഷപ്പിനെ ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍, മജിസ്‌ട്രേട്ട് അവധിയായതിനാല്‍ ചുമതല വൈക്കം മജിസ്‌ട്രേട്ടിന് നല്‍കുയായിരുന്നു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഫ്രാങ്കോ മുളക്കലിനെരണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും.

Top