വംശീയ വിവേചനം അവസാനിപ്പിക്കണം, എല്ലാവരെയും അംഗീകരിക്കുക ; ഫ്രാന്‍സിസ് മാര്‍പാപ്പ

യാങ്കൂൺ: മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യയില്‍ ഭയന്ന്‌ ബംഗ്ലാദേശിൾ അഭയം തേടിയവരാണ് റോഹിങ്ക്യൻ ജനതകൾ.

മ്യാൻമറിലെ ക്രൂരതകൾ ഭയന്ന് ഏകദേശം 620,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.

ഇത്തരത്തിൽ അഭയാർത്ഥികളായവരെ തിരികെ സ്വീകരിക്കാമെന്ന് മ്യാൻമർ സർക്കാർ അംഗീകരിച്ചിരുന്നു.

ഒരു ജനസമൂഹം നേരിട്ട വെല്ലുവിളികൾക്ക് ആശ്വാസം നൽകാനും, സമാധാന സന്ദേശം നൽകുവാനുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാൻമറിൽ എത്തിയിരിക്കുന്നത്.

എല്ലാ വംശീയ വിഭാഗങ്ങളെയും നമ്മൾ അംഗീകരിക്കണമെന്നും , മ്യാന്‍മാര്‍ ഭാവിയിലേയ്‌ക്ക് സമാധാനത്തിൽ സഞ്ചരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ആ സമാധാനം സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ അക്രമണങ്ങൾക്കും , വംശീയതക്കും എതിരെ മാർപാപ്പ നടത്തിയ പ്രസംഗത്തിൽ റോഹിങ്ക്യ എന്ന പദം ഉപയോഗിച്ചില്ല.

റോഹിങ്ക്യന്‍ സമൂഹത്തിന് പിന്തുണ നല്‍കാനായി റോഹിങ്ക്യയെന്ന വാക്ക് മാര്‍പാപ്പ ഉപയോഗിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ റോഹിങ്ക്യ എന്ന വാക്ക് ഉപയോഗിക്കുന്നത് മ്യാന്‍മാറിലെ കത്തോലിക്കാ വിഭാഗക്കാരെ ബാധിച്ചേക്കുമെന്ന കത്തോലിക്കാ നേതൃത്വത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഈ പദം ഒഴിവാക്കിയതെന്നാണ് സൂചന.

റോഹിങ്ക്യൻ ജനതയെ ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരായി കാണുന്ന മ്യാന്‍മാര്‍ ബംഗാളികള്‍ എന്നാണ് ഇവരെ വിളിക്കാൻ ഉപയോഗിക്കുന്നത്.

റാഖൈനില്‍ നടന്ന കലാപം വലിയരീതിയില്‍ ആഗോളവിമര്‍ശനം ഏറ്റുവാങ്ങിയതായി മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ആങ് സാന്‍ സ്യൂചി പറഞ്ഞു.

Top