കോട്ടയത്ത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകുന്നത് ഫ്രാന്‍സിസ് ജോര്‍ജ് പ്രഖ്യാപനം ഇന്ന്

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകുന്നത് ഫ്രാന്‍സിസ് ജോര്‍ജ് . കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ രാവിലെ 11 മണിയോടെ പ്രഖ്യാപനമുണ്ടാകും.

ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ യുഡിഎഫിന്റെ പ്രത്യേക അനുമതിയോടെയാണ് പി ജെ ജോസഫ് പ്രഖ്യാപനം നടത്തുക. ഇതോടെ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള കോട്ടയത്തെ മത്സരചിത്രം തെളിയും. പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിന് കോട്ടയം സീറ്റ് നല്‍കുമ്പോള്‍ ജയസാധ്യത കൂടുതലുള്ള ആള്‍ സ്ഥാനാര്‍ത്ഥിയാകണം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. കേരളാ കോണ്‍ഗ്രസ് നേതാക്കളില്‍ ഫ്രാന്‍സിസ് ജോര്‍ജിന് മണ്ഡലത്തില്‍ പൊതുസ്വീകാര്യതയുണ്ടെന്ന കോണ്‍ഗ്രസ് വിലയിരുത്തല്‍ പി ജെ ജോസഫിനോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചിരുന്നു. മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ സഭകളുടെ പിന്തുണയുള്ളതും ഫ്രാന്‍സിസ് ജോര്‍ജിന് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള അനുകൂല ഘടകമായി. പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോട്ടയം മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ സജീവ സാന്നിധ്യം ഉണ്ട്.

അതേസമയം, കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കെ എം മാണിയുടെ കല്ലറയില്‍ പൂക്കളര്‍പ്പിച്ചാണ് തോമസ് ചാഴികാടന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഏതു പ്രതിസന്ധിയേയും മറികടക്കാന്‍ കെ എം മാണി പകര്‍ന്ന ഊര്‍ജ്ജം എന്നും സഹായിച്ചിരുന്നുവെന്നും തോമസ് ചാഴികാടന്‍ ഓര്‍മിച്ചു. ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം തോമസ് ചാഴികാടന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്കൊപ്പമാണ് കെ എം മാണിയുടെ കബറിടത്തില്‍ എത്തിയത്. കബറിടത്തില്‍ പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച തോമസ് ചാഴികാടന്‍, 1991 മുതലുള്ള തിരഞ്ഞെടുപ്പ് ഓര്‍മ്മകള്‍ പങ്കുവച്ചു.

കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പിലും കെ എം മാണിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇത്തവണ ലോക്‌സഭയിലേക്ക് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ എം പി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ പദ്ധതികളുടെയുടെ റോഡുകളുടെയും ഉദ്ഘാടന പരിപാടികളുടെ തിരക്കിലാണ് തോമസ് ചാഴികാടന്‍ എംപി.

Top