ഫ്രാന്‍സിന്റെ കിരീടധാരണം; ചൈനീസ് കമ്പനിക്ക് 82 കോടിയുടെ കനത്ത നഷ്ടം

ബീജിങ്: ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം നേടിയതോടെ ചൈനയിലെ വീട്ടുപകരണ കമ്പനിക്ക് നഷ്ടം 82 കോടിയോളം രൂപ. ഫ്രാന്‍സ് ദേശീയ ടീമിന്റെ സ്പോണ്‍സര്‍മാര്‍ കൂടിയായ വാട്ടി കോര്‍പ്പ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത്രയും തുക ഉപഭോക്താക്കള്‍ തിരിച്ച് നല്‍കേണ്ടിവന്നത്.

‘ചാമ്പ്യന്‍ഷിപ്പ് പാക്കേജ്’ എന്ന പേരില്‍ നിശ്ചിത തുകയ്ക്ക് മുകളിലുള്ള കിച്ചന്‍ ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണം തിരിച്ച് നല്‍കുമെന്ന് കമ്പനി ഓഫര്‍ നല്‍കിയിരുന്നു. തങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫ്രാന്‍സ് കിരീടം ചൂടിയാല്‍ ഉപഭോക്താക്കള്‍ പണം തിരികെ ലഭിക്കുമെന്നായിരുന്നു ഓഫര്‍.

ജൂലായ് ഒന്നു മുതല്‍ മൂന്ന് വരെ നടത്തിയ മാര്‍ക്കറ്റിങ് ക്യാമ്പയിനിലൂടെയാണ് ഈ ഓഫര്‍ നല്‍കിയിരുന്നത്. ഗ്യാസ് സ്റ്റൗവ്, വാട്ടര്‍ ഹീറ്റര്‍, ഡിഷ് വാഷേഴ്സ് തുടങ്ങിയ ഉപരകരണങ്ങള്‍ക്കായിരുന്നു ഓഫര്‍.

ഞായറാഴ്ച നടന്ന ഫൈനലില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ നേടി ഫ്രാന്‍സ് തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയിരുന്നു.

Top