ആണവോര്‍ജ്ജ മുങ്ങിക്കപ്പല്‍ കരാര്‍; യുഎസ്, ഓസ്‌ട്രേലിയ സ്ഥാനപതിമാരെ പിന്‍വലിച്ച് ഫ്രാന്‍സ്

പാരിസ്: ആണവോര്‍ജ്ജ മുങ്ങിക്കപ്പല്‍ കരാര്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കടുത്ത നടപടിയിലേക്ക് ഫ്രാന്‍സ്. ഓസ്‌ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലെ സ്ഥാനപതിമാരെ ഫ്രാന്‍സ് തിരിച്ചുവിളിച്ചു. ഓസ്‌ട്രേലിയയുമായി 12 ആണവോര്‍ജ്ജ മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാന്‍ അമേരിക്ക ധാരണയിലെത്തിയിരുന്നു. ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കിയാണ് യുഎസുമായി ഓസ്‌ട്രേലിയയുടെ സഹകരണം. ഇതിനെ തുടര്‍ന്നാണ് ഫ്രാന്‍സ് കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്. ചരിത്രത്തിലാദ്യമായാണ് ഈ രാജ്യങ്ങള്‍ തമ്മില്‍ ഇത്തരം ഒരു നീക്കം.

യുഎസ് കപ്പലുകള്‍ക്ക് അനുകൂലമായി ഫ്രഞ്ച് അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള കരാര്‍ കാന്‍ബറ ഉപേക്ഷിച്ചതിന് ശേഷം യുഎസിലെയും ഓസ്‌ട്രേലിയയിലെയും അംബാസഡര്‍മാരെ കൂടിയാലോചനയ്ക്കായി ഫ്രാന്‍സ് തിരിച്ചുവിളിച്ചത്. സെപ്റ്റംബര്‍ 15 ന് ഓസ്‌ട്രേലിയയും അമേരിക്കയും നടത്തിയ പ്രഖ്യാപനങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് രണ്ട് ഫ്രഞ്ച് അംബാസഡര്‍മാരെ ഉടന്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ലെ ഡ്രിയാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ചയാണ് യുഎസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനി സാങ്കേതികവിദ്യ കൈമാറ്റം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഓസ്‌ട്രേലിയയുമായി ചേര്‍ന്നുള്ള പുതിയ കരാര്‍ പ്രഖ്യാപിച്ചത്. ഈ നീക്കമാണ് ഫ്രാന്‍സിനെ പ്രകോപിപ്പിച്ചത്. 2016 ല്‍ ഓസ്‌ട്രേലിയയുമായി ഫ്രാന്‍സ് ഒപ്പുവച്ച കരാറില്‍ നിന്ന് പിന്‍മാറിയായിരുന്നു യുഎസുമായുള്ള കരാര്‍. 50 ബില്യണ്‍ ഡോളര്‍ (31 ബില്യണ്‍ യൂറോ, 36.5 ബില്യണ്‍) മൂല്യമുള്ള അന്തര്‍വാഹിനികള്‍ കൈമാറാനായിരുന്നു കരാര്‍.

Top