മോദിക്കെതിരെ പാക്കിസ്ഥാന്‍; ഇന്ത്യ പാക്ക് ചര്‍ച്ച റദ്ദാക്കിയത് റാഫേലില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍

ഇസ്ലാമാബാദ്:ഫ്രാന്‍സുമായുള്ള റാഫേല്‍ കരാര്‍ വിവാദത്തില്‍ ശ്രദ്ധ തിരിക്കുന്നതിനാണ് ഇന്ത്യ പാക്ക് കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈനാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മോദിക്കെതിരെ ആരോപണമുയര്‍ത്തിയത്. റാഫേല്‍ വിവാദത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനായി മോദിയാണ് ചരടുവലിച്ചതെന്നും ആരോപിക്കുന്നു.

റാഫേല്‍ കരാര്‍ സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെടുന്നത് കണക്കിലെടുത്താണ് പുതിയ തന്ത്രമെന്നാണ് അദ്ദേഹത്തിന്റെ വാദം. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുന്നത് അപവാദ പ്രചാരണമാണെന്നും ഇന്ത്യ നടത്തിയ വലിയ അഴിമതി മറച്ചുവെക്കാനുള്ള ശ്രമമാണ് ഇതെന്നും ഫവാദ് ഹുസൈന്‍ ട്വീറ്റില്‍ കുറിക്കുന്നു.

റാഫേല്‍ കരാര്‍ സംബന്ധിച്ച വിവാദങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ പാക്കിസ്ഥാനെ വലിച്ചിഴക്കേണ്ടതില്ലായിരുന്നുവെന്നും പാക്ക് മന്ത്രി കുറിക്കുന്നു. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പങ്കു വെച്ചു കൊണ്ടായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്.

ജമ്മു കശ്മീരില്‍ മൂന്ന് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് ഇന്ത്യ പാക്ക് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയത്.

Top