ഫ്രാന്‍സ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്ധനനികുതി വര്‍ധന റദ്ദാക്കും

പാരീസ്: കഴിഞ്ഞ ഒരു മാസത്തോളം ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രാന്‍സ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്ധനവില വര്‍ധന പിന്‍വലിച്ചു. ഇന്ധന നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ആറുമാസത്തേക്ക് റദ്ദാക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാ ഫിലിപ്പ് അറിയിച്ചു. ജനങ്ങളുടെ രോഷം കണക്കിലെടുക്കേണ്ടതുണ്ടെന്നും വിലവര്‍ധന ബാധിച്ച ജനങ്ങളുമായി നേരിട്ടുള്ള സംവാദം സാധ്യമാകുന്നതുവരെ നികുതിവര്‍ധന നടപ്പില്‍വരുത്തില്ലെന്നും ടെലിവിഷന്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ധനനികുതി കൂടാതെ വൈദ്യുതി, ഗ്യാസ് വിലവര്‍ധനയും വാഹനപുകനിയന്ത്രണങ്ങളും റദ്ദാക്കുന്നതായും ഫിലിപ്പ് പറഞ്ഞു.

കഴിഞ്ഞ മാസം 17ന് തുടങ്ങിയ പ്രക്ഷോഭത്തില്‍ ലക്ഷക്കണക്കിന് പേരാണ് സമരരംഗത്തുണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭങ്ങളില്‍ മൂന്നുപേര്‍ മരിക്കുകയും ആയിരക്കണക്കിനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജനങ്ങളുടെ പ്രതിഷേധം കാണാതെയും കേള്‍ക്കാതെയുമിരിക്കണമെങ്കില്‍ തങ്ങള്‍ അന്ധരോ ബധിരരോ ആയിരിക്കണം. നികുതികുറയ്ക്കാനും ന്യായമായ കൂലി ലഭിക്കാനുമാണ് ജനങ്ങള്‍ മഞ്ഞക്കുപ്പായമണിഞ്ഞ് തെരുവിലിറങ്ങിയത്. സര്‍ക്കാരും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. ഒരു നികുതിക്കും രാജ്യത്തിന്റെ ഐക്യത്തെ അട്ടിമറിക്കാനാവില്ല ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇക്കാര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചിട്ടില്ല.

Top