പിടിമുറുക്കി കൊലയാളി വൈറസ് ! ലോക്ഡൗണ്‍ നീട്ടി ലോകരാജ്യങ്ങളും

ലണ്ടന്‍: കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെയാകെ വിഴുങ്ങി കഴിഞ്ഞു. 1,19,692 പേരുടെ ജീവനാണ് കൊറോണ എന്ന കൊലയാളി വൈറസ് ഇതിനകം എടുത്തത്. 19,24,679 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്തിട്ടും കലിയടങ്ങാത്ത ഈ കൊലായാളി വൈറസ് പിന്നെയും പിടിമുറുക്കിയിരിക്കുകയാണ്.

കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാര്‍ ഇന്ത്യ വീണ്ടും പത്തൊമ്പത് ദിവസത്തെ അടച്ച് പൂട്ടലിലേയ്ക്ക് പോകുകയാണ്. ഇപ്പോഴിതാ ഇന്ത്യയെപ്പോലെതന്നെ ലോക്ഡൗണ്‍ നീട്ടി വിവിധ ലോകരാജ്യങ്ങളും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ബ്രിട്ടനും ഫ്രാന്‍സും നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചു. മെയ് 11 വരെ ലോക്ഡൗണ്‍ നീട്ടിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. മനുഷ്യജീവനുകള്‍ രക്ഷിക്കാനാണ് ഈ ത്യാഗമെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു. ഫ്രാന്‍സില്‍ 14,967 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 1,36,779 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്.

ഇതിനിടെ സ്‌പെയിനും ഇറ്റലിയും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയതിനെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. ഇറ്റലിയില്‍ 20,465 പേര് രോഗം ബാധിച്ച് മരിച്ചപ്പോള്‍ സ്‌പെയിനില്‍ 17,756 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഇറ്റലിയില്‍ 1,59,516 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ സ്‌പെയിനിലാകട്ടെ 1,70,099 പേക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

മരണം പതിനായിരം കടന്ന ബ്രിട്ടനിലും ലോക് ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടും. 11,329 പേരാണ് ഇവിടെ മരണപ്പെട്ടത്. 88,621 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗപ്പകര്‍ച്ചയുടെ കടുത്ത അവസ്ഥ തുടരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

മൂവായിരത്തോളം ആളുകള്‍ മരിച്ച ജര്‍മനിയില്‍ വിലക്കുകള്‍ എത്രത്തോളം നീക്കണമെന്നത്തില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രാദേശിക ഭരണകൂടങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തു. 288 പേര്‍ മരിച്ച അയര്‍ലണ്ടില്‍ ലോക്ഡൗന്‍ മെയ് 5 വരെയാണ് നീട്ടിയിരിക്കുന്നത്.

കൊറോണ വൈറസിന്റെ രണ്ടാവരവായ ചൈനയില്‍ നാലാം ദിവസവും അന്‍പതിലേറെ പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ നിരീക്ഷണം വീണ്ടും കര്‍ശനമാക്കിയിട്ടുണ്ട്.

ഈ രാജ്യങ്ങള്‍ക്ക് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മെയ് പകുതിവരെയെങ്കിലും രാജ്യാതിര്‍ത്തികള്‍ അടഞ്ഞു കിടക്കണമെന്നും നിയന്ത്രണം തുടരണമെന്നുമാണ് യൂറോപ്യന്‍ യൂണിയനും രാജ്യങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

Top