ടോം ഉഴുന്നാലില്‍ റോമില്‍, ഒരു കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: യെമനില്‍ ഐഎസ് തീവ്രവാദികളുടെ തടങ്കലില്‍ നിന്നും മോചിപ്പിച്ച ഫാദര്‍ ടോം ഉഴുന്നാലില്‍ മസ്‌ക്കറ്റില്‍ നിന്ന് റോമിലെത്തി.

കൂടുതല്‍ ചികിത്സയ്ക്കായി അദ്ദേഹം കുറച്ച് ദിവസം ഇവിടെ താമസിക്കും. ഇതിന് ശേഷമേ അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തുകയുള്ളൂ.

ബംഗളൂരുവിലെ സലേഷ്യന്‍ സഭയിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. അതേസമയം ഇക്കാര്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

ഫാദറിനെ മോചിപ്പിക്കാന്‍ ഒരു കോടി ഡോളര്‍ മോചനദ്രവ്യമായി നല്‍കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒമാന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് ഉഴുന്നാലിലിനെ മസ്‌കറ്റില്‍ എത്തിച്ചത്. യെമനില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ വിദേശ പൗരന്മാരെ മോചിപ്പിക്കാന്‍ ഒമാന്‍ സജീവമായ ഇടപെടലാണ് നടത്തിവന്നത്. ആ ഇടപെടലിന്റെ ഫലമായാണ് ഫാദര്‍ ടോം അടക്കമുള്ളവര്‍ മോചിതരായത്.

പരമ്പരാഗത യെമനി വസ്ത്രം ധരിച്ചാണ് അദ്ദേഹം മസ്‌ക്കറ്റില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹത്തിനെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

യെമനിലെ ഏദനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് 2016 മാര്‍ച്ച് നാലിന് ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. നാല് കന്യാസ്ത്രീകള്‍, ആറ് എത്യോപ്യക്കാര്‍, ആറ് യെമന്‍ സ്വദേശികള്‍ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

എന്നാല്‍, തട്ടിക്കൊണ്ടു പോയ ഭീകര സംഘടന ഏതാണെന്നോ ഉഴുന്നാലില്‍ എവിടെയാണെന്നത് സംബന്ധിച്ചോ യാതൊരു വിവരങ്ങളും ഇല്ലായിരുന്നു. ഐഎസാണ് തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്നാണ് നിഗമനം. ഇതിനിടെ നിരവധി തവണ തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഈ വര്‍ഷം മേയിലാണ് ഏറ്റവും ഒടുവിലായി വീഡിയോ പുറത്ത് വന്നത്. വീഡിയോയില്‍ അതീവ ക്ഷീണിതനായി കാണപ്പെട്ട് ഉഴുന്നാലില്‍, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

Top