ഫാ. സ്റ്റാന്‍ സാമിയെ ജയിലിലടച്ച നടപടി ഖേദകരം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശതയനുഭവിക്കുന്ന ആദിവാസികള്‍ക്കു നേരെ ഉണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യന്‍ ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി.

ഫാ. സ്റ്റാന്‍ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ പിന്തുണക്കുകയും അത്തരം പ്രശ്‌നങ്ങളെക്കുറിച്ചു ആഴത്തില്‍ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് ഫാ. സ്റ്റാന്‍ സ്വാമി അംഗീകാരം നേടിയിട്ടുള്ളത്. ഏവരും ബഹുമാനിക്കുന്ന അത്തരമൊരു വ്യക്തിക്കെതിരായ നീക്കം എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ളതാണ് എന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

മലയാളി കൂടിയായ ഫാ, സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നിലയിലും ഈ കോവിഡ് കാലത്ത് അദ്ദേഹത്തിന് നേരിടേണ്ടിവന്ന പ്രയാസങ്ങളിലും മുഖ്യമന്ത്രി ഉത്കണ്ഠ പ്രകടിപ്പിച്ചു. അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളോട് ഐക്യപ്പെടുന്നു. തെറ്റായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം ഈ വിഷയത്തില്‍ ഉയര്‍ന്നിട്ടുണ്ട് എന്നതും ബന്ധപ്പെട്ടവര്‍ ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top