എഫ്.പി.ഐ, സി.എസ്.ആര്‍ നിര്‍ദ്ദേശങ്ങളില്‍ പുനഃപരിശോധന

ന്യൂഡല്‍ഹി: ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ക്ക് (എഫ്.പി.ഐ) സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം പുനഃപരിശോധിക്കും. അതോടൊപ്പം കമ്പനികളുടെ സാമൂഹിക പ്രതിബന്ധത പദ്ധതി (സി.എസ്.ആര്‍)യില്‍ മുന്നോട്ടുവച്ചിരിക്കുന്ന കര്‍ശന നിര്‍ദ്ദേശങ്ങളിലും മാറ്റം വരുത്തിയേക്കും.

എഫ്.പി.ഐ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന്റെ പുറത്ത് വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ വില്‍പ്പനക്കാരാകുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനയ്‌ക്കൊരുങ്ങുന്നത്. അതേസമയം കമ്പനികളുടെ സി.എസ്.ആര്‍ പദ്ധതികളില്‍ വീഴ്ച വരുത്തിയാല്‍ ഏര്‍പ്പെടുത്താന്‍ മുന്നോട്ടുവച്ചിരുന്ന ജയില്‍ ശിക്ഷ മാറ്റും.

സി.എസ്.ആറില്‍ വീഴ്ച വരുത്തിയാല്‍ മൂന്നു വര്‍ഷം ജയില്‍ ശിക്ഷയോ 50,000 മുതല്‍ 25 ലക്ഷം വരെ രൂപയോ ശിക്ഷ നല്‍കണമെന്നാണ് നേരത്തെ കേന്ദ്രധനമന്ത്രി മുന്നോട്ടു വച്ച നയം. കമ്പനീസ് ആക്ട് 2013ല്‍ ഇത് ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍, വ്യാവസായിക മേഖലയില്‍ നിന്നുള്ള വ്യാപക എതിര്‍പ്പാണ് ഇതില്‍ നിന്നു പിന്മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

പുതിയ തീരുമാനം കമ്പനി മേധാവികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും മേധാവികള്‍ കഫേ കോഫീ ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ അവസ്ഥയില്‍ എത്തിച്ചേരുമെന്നാണ് പ്രധാനമായും ഉയര്‍ന്നുവന്നത്. അതിനാല്‍ തീരുമാനത്തില്‍ മാറ്റുമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയെ അറിയിച്ചിട്ടുണ്ട്.

Top